മൂന്നാര്‍ ന്യൂകോളനിയില്‍ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടത്തില്‍ ദേവികുളം അഡീ. തഹസില്‍ദാറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

ഇടുക്കി: മൂന്നാര്‍ ന്യൂകോളനിയില്‍ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടത്തില്‍ ദേവികുളം അഡീ. തഹസില്‍ദാറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

ഇന്നലെ ഉച്ചയോടെയാണ് അഡീ. തഹസില്‍ദാര്‍ ഫിലിപ്പ് ചെറിയാന്റെ നേതൃത്വത്തിലുള്ള റവന്യൂ സ്‌പെഷ്യല്‍ സ്‌ക്വാഡ് സ്ഥലത്തെത്തിയത്. സുധ എന്നയാളുടെ പേരിലുള്ള വസ്തുവിലാണ് ഒരു നിലയുള്ള കെട്ടിടം നിര്‍മ്മിച്ചിരുന്നത്.റവന്യൂ സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഇവിടെ മൂന്ന് ജോലിക്കാരുണ്ടായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വിലവരുന്ന ടൈലുകളും കട്ടറും റവന്യൂ സംഘം പിടിച്ചെടുത്തു.

മുന്‍പ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തരുതെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു.
മൂന്നാറില്‍ ഒരു ഹോട്ടലിന് സമീപം നിര്‍മ്മാണം നടക്കുന്നു എന്നറിഞ്ഞ് എത്തിയ സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘത്തിന്റെ വാഹനം സിപിഎം നേതാക്കള്‍ തടഞ്ഞു. സിപിഎം മൂന്നാര്‍ ഏരിയ സെക്രട്ടറി കെ.കെ വിജയന്‍, ജില്ലാ കമ്മറ്റിയംഗം ഈശ്വരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റവന്യൂ സംഘത്തെ തടഞ്ഞത്. നൂറോളം സിപിഎം പ്രവര്‍ത്തകര്‍ പ്രദേശത്ത് തടിച്ചുകൂടി. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

മൂന്നാര്‍ എസ്.ഐ അജയകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തിയിട്ടും സിപിഎം സംഘം പിന്‍മാറിയില്ല. അരമണിക്കൂര്‍ തഹസില്‍ദാറുടെ ജീപ്പ് തടഞ്ഞിട്ടു. പിന്നീട് മൂന്നാര്‍ ഡിവൈഎസ്പി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *