മോഹന്‍ലാല്‍ ചിത്രത്തിന് മഹാഭാരതമെന്ന പേരിടുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് സ്വാമി സന്ദീപാനന്ദഗിരി.

തിരുവനന്തപുരം: ആയിരംകോടി മുതല്‍മുടക്കി നിര്‍മ്മിച്ച് ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറാന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രത്തിന് മഹാഭാരതമെന്ന പേരിടുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് സ്വാമി സന്ദീപാനന്ദഗിരി. രണ്ടാമൂഴമെന്നത് മലയാള ശബ്ദമാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അരവിന്ദന്റെ കാഞ്ചനസീത കണ്ട് ആരെങ്കിലും സീതയെ കണ്ടിലല്ലോയെന്ന് പരാതി പറഞ്ഞുവോയെന്ന് അദ്ദേഹം ചോദിക്കുന്നു. പ്രേം നസീറിന്റെ ലങ്കാദഹനം സിനിമയില്‍ ഹനുമാനും ലങ്കയും എവിടെയാണ്. മോഹന്‍ലാലെന്ന മഹാനടന്‍ തന്റെ ഓരോ രോമകൂപങ്ങളെയും ഭീമനിലേക്ക് സന്നിവേശിപ്പിക്കാനുള്ള മഹാപ്രയാണത്തിലാണിപ്പോള്‍. എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയുമാണ് ഇപ്പോള്‍ എം.ടിക്കും മോഹന്‍ലാലിനും വേണ്ടത്.
എം.ടിയിലൂടെ പ്രവര്‍ത്തിക്കുന്നത് വ്യാസനാണ് സംശയിക്കേണ്ട. എം.ടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരില്‍ സിനിമയായി വന്നാല്‍ ഇതുവരെ മഹാഭാരതം വായിക്കാത്ത സകലര്‍ക്കും മഹാഭാരതം ആഴത്തില്‍ പഠിക്കാനുള്ള പ്രേരണയാകുമെന്നതിലും സംശയം വേണ്ടെന്ന് സ്വാമി പറയുന്നു.
എം.ടിയുടെ നോവല്‍ രണ്ടാമൂഴം അടിസ്ഥാനമാക്കിയെടുക്കുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേരു നല്‍കുന്നതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല രംഗത്തെത്തിയിരുന്നു. മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കിയാല്‍ അത് തിയേറ്റര്‍ കാണില്ലെന്നും അവര്‍ ഭീഷണി മുഴക്കിയിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *