വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവു തട്ടിയിട്ടുണ്ടെന്ന് മാണി

കപടരാഷ്ട്രീയത്തിന്റെ അപ്പസ്തോലനാണ് താനെന്ന, കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി രംഗത്ത്. അടുത്ത കാലത്തായി വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവു തട്ടിയിട്ടുണ്ടെന്ന് മാണി പരിഹസിച്ചു. വീക്ഷണം ഞങ്ങളെ ഉപദേശിക്കേണ്ട. കോണ്‍ഗ്രസിനെ ഉപദേശിച്ചാല്‍ മതി. താന്‍ ആരെയും ചതിച്ചിട്ടില്ലെന്നും പാലായില്‍ വാര്‍ത്താസമ്മേളനത്തില്‍ മാണി പറഞ്ഞു.

അതേസമയം, മുന്നണിയില്‍ ഇല്ലാത്ത പാര്‍ട്ടി യു ഡി എഫിന് വോട്ടുചെയ്തില്ലെന്നതില്‍ എന്തു ചതിയാണുള്ളതെന്നും മാണി ചോദിച്ചു. കോട്ടയം ജില്ലാപഞ്ചായത്തിലെ പരാജയം ഡി സി സി വിലകൊടുത്തു വാങ്ങിയതാണെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. സാധാരണ ഗതിയിലാണെങ്കില്‍ തങ്ങള്‍ പിന്തുണ നല്‍കുമായിരുന്നു. എന്നാല്‍ ഡി സി സി വളരെ മോശമായിട്ടാണ് പ്രതികരിച്ചത്. അതിനെതിരെ അഭിമാനമുള്ള കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിക്കുകയായിരുന്നു. പ്രാദേശികമായി സഹകരിച്ചു മുന്നോട്ടുപോകാമെന്ന് കോണ്‍ഗ്രസുമായി കരാറുണ്ടാക്കിയിട്ടില്ലെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് ഒരു മുന്നണിയിലേക്കും പോകുന്നില്ല. കേരള കോണ്‍ഗ്രസിനു ശക്തിയുണ്ടെങ്കില്‍ ഞങ്ങളുമായി കൂട്ടുകൂടാന്‍ ആളുവരും. കേരള കോണ്‍ഗ്രസ് ശക്തിയുള്ള പാര്‍ട്ടിയാണ്. സ്വന്തം കാലില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ്. 1965, 1967, 1970 തുടങ്ങിയ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ശക്തി തെളിയിച്ചിട്ടുണ്ട്. ചുമ്മാ തുമ്മിയാല്‍ തെറിച്ചുപോകുന്ന മൂക്കല്ല കേരള കോണ്‍ഗ്രസ്. കേരള രാഷ്ട്രീയത്തില്‍ അസ്ഥിത്വമുള്ള രാഷ്ട്രീയകക്ഷിയാണ്. തെരഞ്ഞെടുപ്പു വരുമ്പോള്‍ ഞങ്ങള്‍ക്കും കൂട്ടാളിയുണ്ടാകും. യു ഡി എഫിലേക്ക് തിരികെ പോകണമെന്ന ആഗ്രഹം കേരള കോണ്‍ഗ്രസിനില്ല. ഞങ്ങളെ മുന്നണിയിലെടുക്കണമെന്നു പറഞ്ഞ് അങ്ങോട്ടു ചെന്നിട്ടില്ലെന്നും മാണി പറഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *