കോട്ടയം ജില്ലയില്‍ ഡെങ്കിപ്പനിയും എച്ച്‌1 എന്‍1 പനിയും പടരുന്നു.

കോട്ടയം: ജില്ലയില്‍ ഡെങ്കിപ്പനിയും എച്ച്‌1 എന്‍1 പനിയും പടരുന്നു. മഴക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നതില്‍ ആരോഗ്യ വകുപ്പ്‌ ആശങ്കയിലാണ്‌. മഴക്കാല പൂര്‍വ രോഗങ്ങള്‍ പടരാതിരിക്കാന്‍ ജാഗ്രത പാലിയ്‌ക്കണമെന്ന നിര്‍ദ്ദേശവും ആരോഗ്യവകുപ്പു പുറപ്പെടുവിച്ചിട്ടുണ്ട്‌. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 16 പേര്‍ക്കാണു ജില്ലയില്‍ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌.
20 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുമാണ്‌. ഡെങ്കിപ്പനി പ്രതിരോധത്തിനു കൊതുകു നിയന്ത്രണമാണ്‌ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്‌. ഡെങ്കിപ്പനിക്കു കാരണമാകുന്ന ഈഡിസ്‌ കൊതുകുകള്‍ പെരുകുന്നതാണു രോഗം പടരാന്‍ കാരണം. ശുചിത്വത്തിനൊപ്പം പരിസര ശുചിത്വവും ഉറപ്പു വരുത്തണം.
പ്രായാധിക്യമുള്ളവരും മറ്റു പ്രതിരോധ രോഗമുള്ളവരും രക്‌തസമ്മര്‍ദ്ദമുള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പു പറയുന്നു. ഇതിനു പുറമെയാണ്‌ ഒരാഴ്‌ചയ്‌ക്കിടെ നാലു പേര്‍ക്ക്‌ എച്ച്‌ 1 എന്‍ 1 ബാധിച്ചതായി കണ്ടെത്തിയത്‌.
ഇന്നലെ ഒരാള്‍ക്കു കങ്ങഴ ഭാഗത്ത്‌ എച്ച്‌ 1 എന്‍ 1 സ്‌ഥിരീകരിച്ചിട്ടുണ്ട്‌. സംസ്‌ഥാനത്ത്‌ എച്ച്‌ 1 എന്‍1 ബാധിച്ചു മരിച്ചവരുടെ എണ്ണം ഇത്തവണ 36 ആയതാണ്‌ ആരോഗ്യ വകുപ്പിനെ ആശങ്കപ്പെടുത്തുന്നത്‌. വൈറല്‍ പനിയും ജില്ലയില്‍ പടര്‍ന്നു പിടിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം 280 പേരാണു പനിമൂലം ചികിത്സതേടിയെത്തിയത്‌. മഴക്കാല പൂര്‍വരോഗങ്ങളുടെ എണ്ണത്തിലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ട്‌ ഇത്തവണ. ഇതോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്‌ടര്‍ നിര്‍ദേശം നല്‍കി. മഴയെത്തിയാല്‍ അത്യന്തം ജാഗ്രത പുലര്‍ത്തണമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്‌തിട്ടുണ്ട്‌.
അതേസമയം മഴക്കാല പൂര്‍വ ശുചീകരണത്തിലെ വീഴ്‌ചയാണു ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പടര്‍ന്നു പിടിയ്‌ക്കാന്‍ കാരണമായി ആരോഗ്യ രംഗത്തു പ്രവര്‍ത്തിയ്‌ക്കുന്നവര്‍ പറയുന്നത്‌. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്‌മയാണു വീഴ്‌ചക്കു കാരണമെന്നും ഇവര്‍ ആരോപിക്കുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *