നാഗമ്പടം റയില്‍വെ മേല്‍പ്പാലം ഡിസംബറില്‍ പൂര്‍ത്തിയാവും – ജോസ് കെ.മാണി

കോട്ടയം: നിര്‍മ്മാണം പുരോഗമിക്കുന്ന നാഗമ്പടത്തെ പുതിയ റെയില്‍വെ മേല്‍പ്പാലം ഡിസംബര്‍ മാസത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനാവുമെന്ന് ജോസ് കെ.മാണി എം.പി അറിയിച്ചു. നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു ജോസ് കെ.മാണി.റയില്‍വെ ട്രാക്കിന് മുകളിലുള്ള പാലത്തിന്റെ നിര്‍മ്മാണം ജൂലൈ മാസത്തോടെ പൂര്‍ത്തിയാക്കാനാവും. സിഡംബര്‍ മാസത്തോടെ ഏറ്റുമാനൂര്‍ ഭാഗത്തേക്കുള്ള രണ്ടാമത്തെ സ്ലാബിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും എം.പി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

നിലവിലെ നാഗമ്പടത്തെ മേല്‍പാലത്തിനു മതിയായ വീതിയില്ലാത്തത് നഗരത്തിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണമായിരുന്നു. കോട്ടയം മുനിസിപ്പാലിറ്റി പ്രദേശത്തുള്ള ഏറ്റവും ഗതാഗത തിരക്കേറിയ പാലമാണ് നാഗമ്പടത്തേത്. നിലവിലുള്ള മേല്‍പ്പാലം വളരെ ഇടുങ്ങിയതായതിനാല്‍ രണ്ട് വാഹനങ്ങള്‍ ഒരേസമയം കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും മേല്‍പ്പാലത്തിലൂടെയുള്ള യാത്ര അസാധ്യമാണ്. ഗതാഗതക്കുരുക്കൊഴിവാക്കാന്‍ വീതി കൂടിയ പുതിയ പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ടു ജോസ് കെ.മാണി എംപി റയില്‍വേ മന്ത്രാലയവുമായും, റയില്‍വെ ബോര്‍ഡ് ചെയര്‍മാനുമായും, ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മേല്‍പ്പാലം നിര്‍മ്മാണത്തിന് അനുമതി ലഭിച്ചത്. 27.52 കോടി രൂപയാണ് നിര്‍മാണ ചിലവു പ്രതീക്ഷിക്കുന്നത്. നിലവില്‍ 6 മീറ്റര്‍ വീതി മാത്രമുണ്ടായിരുന്ന റയില്‍വെ മേല്‍പ്പാലത്തിന് പകരം 13 മീറ്റര്‍ വീതിയുള്ള പുതിയ മേല്‍പ്പാലമാണ് നാഗമ്പടത്ത് ഉയരുന്നത്. ഇതില്‍ 1.50 മീറ്റര്‍ വീതിയില്‍ രണ്ട് വശങ്ങളിലും നടപ്പാതയും ഉണ്ടാകും. ഒരേ സമയം രണ്ടു ഭാരവാഹനങ്ങള്‍ക്കും രണ്ടു ചെറു വാഹനങ്ങള്‍ക്കും കടന്നുപോകത്തക്ക രീതിയിലാണ് പുതിയ പാലം നിര്‍മിക്കുന്നത്.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍ സോന, കോട്ടയം അസ്സി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍(കണ്‍സ്ട്രക്ഷന്‍) ജോര്‍ജ് കുരുവിള, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അനില്‍കുമാര്‍,മുനിസിപ്പല്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജേക്കബ്, കൗണ്‍സിലര്‍മാരായ ടിനോ കെ.തോമസ്, ജോജി കുറുത്തിയാടന്‍, അനുഷ കൃഷ്ണ തുടങ്ങിയവര്‍ എം.പിക്കൊപ്പമുണ്ടായിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *