കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബുധനാഴ്ച

ബുധനാഴ്ച നടക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ് കളിക്കുമോ എന്ന സംശയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം. മാണി ഗ്രൂപ്പ് യു ഡി എഫ് വിട്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രം ഐക്യം തുടരാനായിരുന്നു ധാരണ. എന്നാല്‍ കോട്ടയം ജില്ലയില്‍ പല തദ്ദേശ സ്ഥാപനങ്ങളിലേക്ക് പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ധാരണ ലംഘിച്ചു.

മാണി ഗ്രൂപ്പ് തിരിച്ച് യു ഡി ഫിലേക്ക് പോകാനുള്ള നീക്കത്തോട് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവും താത്പര്യം കാണിക്കാതെ വന്നതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിലെ അകലം വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ചൊല്ലി വിവാദം ഉയരുന്നത്. ഡി സി സി പ്രസിഡന്റായി ജോഷി ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കാലാവധി അവസാനിക്കും മുമ്പ് രാജിവച്ചത്. ഈ ഒഴിവിലാണു ബുധനാഴ്ച രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക.

നിലവിലുള്ള ധാരണ അനുസരിച്ച് പാമ്പാടി ഡിവിഷന്‍ അംഗം കോണ്‍ഗ്രസിലെ സണ്ണി പാമ്പാടിക്കാണ് സാധ്യത. മാണിഗ്രൂപ്പ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതെ ഇടതു സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചാല്‍ ഇടതു സ്ഥാനാര്‍ത്ഥി ജയിക്കുന്ന നിലയിലാണ് 22 അംഗ ജില്ലാ പഞ്ചായത്തിലെ കക്ഷി നില. കോണ്‍ഗ്രസിന് എട്ടും മാണി ഗ്രൂപ്പിന് ആറും ചേര്‍ത്ത് 14 അംഗങ്ങളാണ് യു ഡി എഫിനുള്ളത്. ഇടതു മുന്നണിയില്‍ സി പി എം ആറ്, സി പി ഐ ഒന്ന്, ജനപക്ഷം ഒന്ന് എന്നതാണ് കക്ഷി നില. മാണി ഗ്രൂപ്പ് പിന്തുണച്ചാല്‍ ഇടതു മുന്നണി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് 14 വോട്ടാകും.

നിഷ്പക്ഷത പാലിച്ചാല്‍ ഇരു മുന്നണി സ്ഥാനാര്‍ത്ഥിക്കും എട്ട് വോട്ട് വീതമാകും. പിന്നെ നറുക്കെടുപ്പിലൂടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വരും. ഇത്തരമൊരു സ്ഥിതി വിശേഷം മാണി ഗ്രൂപ്പ് ഉണ്ടാക്കില്ലെന്നു പറയുമ്പോഴും നേതാക്കള്‍ മനസ് തുറക്കുന്നില്ല. അടുത്ത കാലത്ത് കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാക്കള്‍ തമ്മില്‍ പ്രസ്താവന യുദ്ധം നടത്തി ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തില്‍ പിന്തുണ നല്‍കുന്ന കാര്യത്തില്‍ പുനരാലോചന വേണമെന്ന് ഒരു വിഭാഗം മാണി ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. മൂന്നിലവ് പഞ്ചായത്തില്‍ സി പി എം കൊണ്ടുവന്ന അവിശ്വാസപ്രമേയം കോണ്‍ഗ്രസ് പിന്തുണയോടെ പാസായി മാണി ഗ്രൂപ്പിന് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായതും ഇരു പാര്‍ട്ടികളും തമ്മിലുള്ള അസ്വാരസ്യം വര്‍ധിപ്പിച്ചു. ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ പുനര്‍ചിന്ത വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കാള്‍ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു.

എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജോസ് കെ മാണി എം പിയും അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയതോടെയാണ് ജില്ലാ പഞ്ചായത്തിലും പ്രാദേശിക തലത്തിലും നിലവിലെ ധാരണ തുടരാന്‍ തീരുമാനമായത്. എന്നാല്‍ ഭരണപക്ഷത്തെ ഭിന്നത മുതലെടുക്കാന്‍ പ്രതിപക്ഷവും ശ്രമം നടത്തുന്നുണ്ട്. ചില അനൗപചാരിക ചര്‍ച്ചകള്‍ ഇതിനകം നടന്നതായി അറിയുന്നു. ധാരണ ഒന്നുമില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് കെ രാജേഷ് ഇടതു സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത. പി സി ജോര്‍ജ് വിഭാഗം ജനപക്ഷം അംഗം ലിസി സെബാസ്റ്റ്യന്റെ നിലപാടും നിര്‍ണായകമായിരിക്കും. യു ഡി എഫിലെ മുന്‍ ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസിനും പിന്നീട് രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസിനുമാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു വര്‍ഷമായിരിക്കും കാലാവധി.

ഇതിനിടയില്‍ കേരള കോണ്‍ഗ്രസ് അംഗം സഖറിയാസ് കുതിരവേലിയെ മത്സരിപ്പിക്കാനും നീക്കം നടക്കുന്നതായി അറിയുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *