വിന്‍സെന്റ് എംഎല്‍എയ്ക്കു വേണ്ടി വക്കാലത്തെടുത്ത കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ ഗതികേടില്‍ സഹതാപമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

 

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച എം. വിന്‍സെന്റ് എംഎല്‍എയ്ക്കു വേണ്ടി വക്കാലത്തെടുത്ത കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ ഗതികേടില്‍ സഹതാപമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം പാര്‍ട്ടിയുടെ ഭൂതകാലവും വര്‍ത്തമാനകാലവും മറക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും വാക്‌പോര് നടത്തിയത്.

പത്രസമ്മേളനം വിളിച്ച് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിയ നടപടി ചരിത്രത്തിലെ കറുത്ത നിമിഷമാണെന്നു കോടിയേരി പറയുന്നു. ഹസനെ സ്ത്രീപീഡകരുടെ സംരക്ഷകനെന്ന് ചരിത്രത്തില്‍ കോറിയിടാന്‍ വേണ്ടി എതിര്‍ ഗ്രൂപ്പ് എടുപ്പിച്ച തീരുമാനമാകുമിത്. കോണ്‍ഗ്രസ് ഇത്രയും അധഃപതിക്കാന്‍ പാടില്ലായിരുന്നു. ഹസന്‍ പ്രസിഡന്റ് സ്ഥാനത്തിന്റെ മഹിമ കളഞ്ഞു കുളിക്കരുതെന്നും എംഎല്‍എ സ്ഥാനം സംബന്ധിച്ച വിഷയത്തില്‍ ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ഫേസ്ബുക്കില്‍ ആവശ്യപ്പെട്ടു.
ഇതിന് മറുപടിയായാണ് കോടിയേരി സ്വന്തം പാര്‍ട്ടിയുടെ ഭൂതകാലവും വര്‍ത്തമാനകാലവും മറക്കുകയാണെന്നും അതൊക്കെ തുറന്നാല്‍ ഒരുപാട് അസ്ഥിപഞ്ജരങ്ങള്‍ കാണാമെന്നും ഹസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സിപിഎം നേതാക്കള്‍ക്കും എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കുമെതിരെ സ്ത്രീ പീഡനകേസുകള്‍ ഉണ്ടായപ്പോള്‍ അവരോട് രാജിവയ്ക്കാന്‍ പറയാനുള്ള ധൈര്യം കോടിയേരി കാണിച്ചോ? വിന്‍സെന്റിനെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തി. എന്നാല്‍, വടക്കാഞ്ചേരിയിലെ സിപിഎം നേതാവിന്റെ സ്ത്രീപീഡനത്തെ ന്യായീകരിക്കുകയും സംരക്ഷിക്കുകയുമല്ലേ ചെയ്തത്. തോട്ടംതൊഴിലാളികളെ എം.എം. മണി അപമാനിച്ചപ്പോഴും മന്ത്രി ശശീന്ദ്രന്‍ സ്ത്രീയെ അപമാനിച്ചപ്പോഴും കോടിയേരിയുടെ നാവ് കാശിക്കുപോയിരുന്നോ എന്നും ഹസന്‍ ചോദിച്ചു. നടിയെ ആക്രമിച്ച കേസില്‍ ഇന്നസെന്റിനും മുകേഷിനും രാഷ്ട്രീയ അഭയം നല്‍കിയതും കേരളം മറന്നിട്ടില്ലെന്നു ഹസന്‍ പറഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *