കൊച്ചി: കാത്തുകാത്തിരുന്ന കൊച്ചി മെട്രോ ഇന്നു കുതി ക്കും. ആലുവ-പാലാരിവട്ടം വരെ 13.4 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലൂടെയാണു കുതിപ്പ്. രാവിലെ 10.35നു പ്രധാനമന്ത്രി നരേന്ദ്ര മോദി പാലാരിവട്ടം മെട്രോ സ്റ്റേഷൻ പ്ലാറ്റ് ഫോമിന്റെ പ്രവേശനകവാടത്തിൽ നാട മുറിച്ച് മെട്രോ യാത്ര ഉദ്ഘാടനം ചെയ്യും. തുടർന്നു കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട സദസിനെ സാക്ഷിയാക്കി പ്രധാനമന്ത്രി കൊച്ചി മെട്രോയെ രാഷ്ട്രത്തിനു സമർപ്പിക്കും.
പാലാരിവട്ടത്തെ നാട മുറിക്കൽ ചടങ്ങിനുശേഷം പ്രധാനമന്ത്രിയും സംഘവും മെട്രോ ട്രെയിനിൽ പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെയും തിരിച്ചും സഞ്ചരിക്കും. സ്റ്റേഡിയം മൈതാനിയിലെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. കൊച്ചി മെട്രോയ്ക്കും അനുബന്ധ സൗകര്യങ്ങൾക്കുമുള്ള ‘കൊച്ചി വണ്‍ ആപ്’ മുഖ്യമന്ത്രിയും യാത്രയ്ക്കും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കുമുള്ള കൊച്ചി വണ്‍ കാർഡ് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവും പുറത്തിറക്കും.
ഗവർണർ പി. സദാശിവം, സംസ്ഥാന ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എംപി, മേയർ സൗമിനി ജെയിൻ, ഡൽഹി മെട്രോ റെയിൽ കോർപറേ ഷൻ (ഡിഎംആർസി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ഉദ്ഘാടന വേദിയിൽ ഉണ്ടായിരിക്കും. പ്രധാനമന്ത്രിയെ കൂടാതെ പിണറായി വിജയൻ, വെങ്കയ്യ നായിഡു, സ്വാഗതം ആശംസിക്കുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ഏലിയാസ് ജോർജ് എന്നിവരും ചടങ്ങിൽ പ്രസംഗിക്കും.
പ്രധാനമന്ത്രിയുടെ ട്രെയിൻ യാത്രയിൽ ഗവർണർ, മുഖ്യമന്ത്രി, വെങ്കയ്യ നായിഡു, ഇ. ശ്രീധരൻ, കേന്ദ്ര നഗരവികസന സെക്രട്ടറി രാജീവ് ഗൗബ, സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഏലിയാസ് ജോർജ് എന്നിവർ ഒപ്പമുണ്ടാകും.
ഉച്ചയ്ക്കു 12.15നു സെന്റ് തെരേസാസ് കോളജിൽ ചേരുന്ന ചടങ്ങിൽ പി.എൻ. പണിക്കർ ദേശീയ വായന മാസാചരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ 10.15നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നാവിക വിമാനത്താവളമായ ഐഎൻഎസ് ഗരുഡയിലെത്തുന്ന പ്രധാനമന്ത്രി ചടങ്ങുകൾക്കുശേഷം ഉച്ചയ്ക്കു1.05നു വിമാനത്താവളത്തിൽ തിരിച്ചെത്തും. അവിടത്തെ ബോർഡ് റൂമിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയശേഷം 1.25നു ഡൽഹിക്കു മടങ്ങും.
*******************************
നിങ്ങൾ എഴുതാറുണ്ടോ ?
എഴുതുന്നത് കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.
അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?
നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.
പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.
(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)
Mail your Literary works & News : pravasivoicenews@gmail.com
www.pravasivoice.com