നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ വാക്‌പോരും വിവാദവും ക്ലൈമാക്‌സിലേക്ക്.

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ വാക്‌പോരും വിവാദവും ക്ലൈമാക്‌സിലേക്ക്. സിനിമാ സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതു യോഗം നാളെ ചേരുകയാണ്. പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ. ആളൂര്‍ എടുക്കുമെന്നറിയിച്ചു. ഇന്ന് സുനിയെ ആളൂര്‍ ജയിലില്‍ സന്ദര്‍ശിക്കും.

ആക്രമത്തിനിരയായ നടിയുടെ പേരില്‍ ഇന്നലെ പ്രസ്താവന ഇറങ്ങി. നടന്‍ ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ വേണ്ടിവന്നാല്‍ നിയമ നടപടിക്കും തയ്യാറെന്നാണ് പ്രസ്താവന. ഇതേത്തുടര്‍ന്ന് നടനും സംവിധായകനുമായ ലാല്‍, സലിംകുമാര്‍, വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടന, ഭാഗ്യലക്ഷ്മി, നടന്‍ ജോയി മാത്യു എന്നിവരും പ്രതികരിച്ചതോടെ സിനിമാ പ്രവര്‍ത്തക രംഗത്തെ ചേരികളും പോരും ഏറെ പരസ്യമായി.

പള്‍സര്‍ സുനിയും ആക്രമണത്തിനിരയായ നടിയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നെന്ന് സംവിധായകനും നടനുമായ ലാല്‍ പറഞ്ഞെന്ന ദിലീപിന്റെ പ്രസ്താവനയാണ് വാക് പോരിന് തുടക്കമിട്ടത്. ഇത് തിരുത്തി ലാല്‍ രംഗത്തെത്തി. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് നടിയും വ്യക്തമാക്കി.

ദിലീപിന്റെ പ്രതികരണത്തില്‍ വിശദീകരണവുമായി സംവിധായകന്‍ ലാല്‍ രംഗത്തത്തി. അവര്‍ തമ്മില്‍ ചിരകാല പരിചയമുണ്ടെന്നോ ബന്ധമുണ്ടെന്നോ താന്‍ പറഞ്ഞിട്ടില്ലെന്ന് ലാല്‍ പറഞ്ഞു. സ്വാഭാവികമായ ഒരു പരിചയം മാത്രമേ പള്‍സര്‍ സുനിയും നടിയും തമ്മിലുള്ളുവെന്നും ലാല്‍ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനൊപ്പമാണ് താനെന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.
അമ്മ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്) യുടെ 23-ാമത് വാര്‍ഷിക പൊതുയോഗം 29ന് കൊച്ചി മരടിലുള്ള ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ ചേരും. അമ്മയുടെ ട്രഷററായ ദിലീപ് യോഗത്തില്‍ പങ്കെടുക്കും.

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *