കോട്ടയത്തേത് പ്രാദേശിക നിലപാട് മാത്രം: കെ.എം.മാണി

 കോട്ടയത്തേത് പ്രാദേശിക നിലപാട് മാത്രം: കെ.എം.മാണി


തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണ സ്വീകരിച്ച വിഷയം പ്രാദേശിക നീക്കുപോക്കു മാത്രമാണെന്ന് കേരള കോണ്‍ഗ്രസ്എം ചെയർമാൻ കെ.എം.മാണി. വിഷയത്തിലെ രാഷ്ട്രീയ വിമർശനങ്ങൾക്ക് തിരുവനന്തപുരത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാർട്ടി സംസ്ഥാന നേതൃത്വം അറിഞ്ഞെടുത്ത തീരുമാനമല്ല കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലുണ്ടായത്. ഇത് കോട്ടയം ഡിസിസി ക്ഷണിച്ചുവരുത്തിയ തിരിച്ചടിയാണ്. കേരള കോണ്‍ഗ്രസിനെ അധിക്ഷേപിച്ച് തുടർച്ചയായി രംഗത്തുവന്ന കോട്ടയം ഡിസിസിയോടുള്ള പ്രാദേശികമായ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കണ്ടത്. സംഭവം നിർഭാഗ്യകരമാണെങ്കിലും പാർട്ടി ജില്ലാ നേതൃത്വത്തെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും തള്ളിപ്പറയാൻ താൻ തയാറല്ലെന്നും അതിന്‍റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും മാണി വ്യക്തമാക്കി.

മാർക്സിസ്റ്റ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിനെ വിമർശിക്കാൻ കേരളത്തിലെ ഏതെങ്കിലും ഒരു പാർട്ടിക്ക് അവകാശമുണ്ടോ എന്നാണ് വിമർശകരോട് മാണി ചോദിക്കുന്നത്. എ.കെ.ആന്‍റണി പോലും മാർക്സിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടിയിട്ടുണ്ട്. തങ്ങൾ കോണ്‍ഗ്രസിന് തന്നെ പിന്തുണ നൽകണമെന്ന കരാർ വല്ലതും വച്ചിട്ടുണ്ടോ എന്നും തങ്ങൾ യുഡിഎഫിന്‍റെ ഭാഗമല്ലാതെ നിൽക്കുന്ന പാർട്ടിയല്ലേ എന്നും അദ്ദേഹം ചോദിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ പിന്തുണ സ്വീകരിച്ചത് വലിയ അപരാദമായി ചിത്രീകരിക്കേണ്ട ആവശ്യമില്ല. മാധ്യമങ്ങളാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് അവർ അത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസിനെ മുറിവേൽപ്പിക്കാത്ത ഒരു പാർട്ടിയും സംസ്ഥാനത്തില്ല. മുസ്ലിം ലീഗുമായി മാത്രമാണ് ബന്ധം വഷളാകാതിരുന്നിട്ടുള്ളത്. താനും പി.ജെ.ജോസഫുമായി യായൊരു അഭിപ്രായ വ്യത്യാസവുമില്ല. കോട്ടയം വിഷയത്തിൽ ജോസഫിന്‍റെയും തന്‍റെയും ഒരു നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം പ്രാദേശിക വിഷയമായി വിസ്മരിക്കുക. തങ്ങൾ സിപിഎമ്മുമായി സഖ്യമുണ്ടാക്കി എൽഡിഎഫിലേക്ക് പോകുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സിപിഎം എന്ന ഉമ്മാക്കി കാട്ടി ആരും കേരള കോണ്‍ഗ്രസിനെ ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോണ്‍ഗ്രസിനെതിരേ സിപിഐ സംസാരിക്കുന്നത് തങ്ങൾ എൽഡിഎഫിൽ വരുമോ എന്നുള്ള ഭയംകൊണ്ട് മാത്രമാണ്. തങ്ങൾ എൽഡിഎഫിലേക്ക് വരാൻ ആഗ്രഹിക്കുന്ന പാർട്ടിയല്ല എന്നാണ് സിപിഐയോട് ഇത് സംബന്ധിച്ച് പറയാനുള്ളത്. കേരള കോണ്‍ഗ്രസ് എൽഡിഎഫിൽ ചെന്നാൽ സിപിഐക്ക് ഇപ്പോൾ ലഭിക്കുന്ന സൗകര്യങ്ങൾ കുറയുമോ എന്ന് അവർക്ക് ഭയപ്പാടുണ്ട്. അതിനാണ് തങ്ങൾ വരരുതെന്ന് അവർ പ്രാർഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലാ പ്രസിഡന്‍റ് ഇ.ജെ.അഗസ്തിയുടെ രാജി തെറ്റിദ്ധാരണ മൂലമാണ്. അദ്ദേഹത്തിന്‍റെ രാജി പാർട്ടി സ്വീകരിക്കില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം പാർട്ടി നേതൃയോഗം കൂടുന്പോൾ ചർച്ച ചെയ്യുമെന്നും ഇക്കാര്യത്തിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നതകളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിന്‍റെ പടി കടക്കാമെന്ന് കേരള കോണ്‍ഗ്രസ് ഇനി കരുതേണ്ടെന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് മാണി പുച്ഛിച്ച് തള്ളി. യുഡിഎഫിൽ ചേർക്കണമെന്ന അപേക്ഷയുമായി കേരള കോണ്‍ഗ്രസ് ഒരിടത്തും പോയിട്ടില്ല. ആരുടെ മുന്നിലും കുനിഞ്ഞ് നിൽക്കുന്ന പാർട്ടിയല്ല കേരള കോണ്‍ഗ്രസ്. ഒറ്റയ്ക്ക് പലപ്പോഴും നിന്ന ചരിത്രവും വ്യക്തിത്വവും പാർട്ടിക്കുണ്ട്. കോണ്‍ഗ്രസിന് തങ്ങളുടെ പിന്തുണ വേണ്ടങ്കിൽ തിരിച്ചും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ഏതെങ്കിലും മുന്നണിയിൽ ചേരുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നും തെരഞ്ഞെടുപ്പ് അടുക്കുന്പോൾ അതൊക്കെ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സംഭവത്തിൽ ജോസ് കെ. മാണിയെ ചിലർ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ അജണ്ട ലക്ഷ്യം വച്ചാണ്. ജോസ് കെ. മാണി വളരെ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാവാണ്. അതിൽ തനിക്ക് അഭിമാനമുണ്ട്. അയാൾ ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ല. വെറുതെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് വേണ്ടിയാണ് ജോസിനെതിരേ ചിലർ രംഗത്തുവരുന്നതെന്നും കെ.എം.മാണി കൂട്ടിച്ചേർത്തു

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *