കൊച്ചി: ദേശീയപാതയോരത്തെ അടച്ചുപൂട്ടിയ മദ്യശാലകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടില്ലെന്നും കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചു ജനരോഷം മറികടക്കാൻ സർക്കാർ ശ്രമിക്കരുതെന്നും ഹൈക്കോടതി. സംസ്ഥാനത്തെ ദേശീയപാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടണമെന്ന വാദം പരിശോധിക്കവേയാണു സർക്കാരിനെതിരേ കോടതിയുടെ രൂക്ഷവിമർശനമുണ്ടായത്.
പാതയോരങ്ങളിൽ ബാറുകൾക്കും ബിയർ പാർലറുകൾക്കും സർക്കാർ അനുമതി നൽകിയത് ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്താണെന്നും ദേശീയപാതയോരത്തെ മദ്യശാലകൾക്ക് അനുമതി നൽകാൻ നിർദേശിച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
തിരുവനന്തപുരംചേർത്തല, കുറ്റിപ്പുറംകണ്ണൂർ പാതകളെ ദേശീയപാതയുടെ പദവിയിൽനിന്ന് ഒഴിവാക്കിയെന്ന വിജ്ഞാപനം കണക്കിലെടുത്ത് ബാറുകളുടെയും ബിയർ പാർലറുകളുടെയും ലൈസൻസ് പുതുക്കാനുള്ള അപേക്ഷകൾ നിയമാനുസൃതം പരിഗണിക്കാൻ സിംഗിൾബെഞ്ച് മേയ് 16ന് ഉത്തരവിട്ടിരുന്നു. ഇതു പുനഃപരിശോധിക്കാൻ കൊയിലാണ്ടി നഗരസഭാംഗമായ വി.പി. ഇബ്രാഹിംകുട്ടി നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയപാതയ്ക്കരികിൽ അല്ല ബിയർ വൈൻ പാർലറുകളെങ്കിൽ അതു പരിഗണിക്കാനാണ് കോടതി പറഞ്ഞത്. മദ്യശാലകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നല്ല.
ദേശീയസംസ്ഥാന പാതകൾ അല്ലെങ്കിൽ മാത്രം അനുമതി നൽകാനാണ് ഉത്തരവിലുള്ളത്. ഹൈക്കോടതിയുടെ വാക്കുകൾ വളച്ചൊടിച്ചാണ് ബാറുകൾക്കും പാർലറുകൾക്കും അനുമതി നൽകിയത്.
കോടതി ഉത്തരവിൽ അപാകതയുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാമായിരുന്നു. സുപ്രീംകോടതിയുടെ മാർഗനിർദേശമനുസരിച്ച് അപേക്ഷകൾ ഓരോന്നായി പരിഗണിച്ച് നിയമാനുസൃതം തീരുമാനമെടുക്കാനാണു പറഞ്ഞത്. അപേക്ഷ ലഭിച്ചാൽ അതു തള്ളാൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് അധികാരമുണ്ട്.
ബാറുകൾക്കും പാർലറുകൾക്കും അനുമതി തേടിയുള്ള അപേക്ഷകളിൽ പൊതുമരാമത്ത് വകുപ്പടക്കമുള്ളവർ ദേശീയപാതയോരത്തോ സംസ്ഥാനപാതയോരത്തോ ആണ് ഇവയെന്ന് അറിയിച്ചാൽ അനുമതി നൽകരുത്. ഇതിനു പകരം ബാർ തുറക്കാനാണ് ഹൈക്കോടതി നിർദേശിച്ചതെന്ന് ദുർവ്യാഖ്യാനം ചെയ്താൽ അനുവദിക്കാനാവില്ലെന്നും ഉത്തരവിൽ പറയുന്നു.
ഇന്നലെ ഹർജി പരിഗണിക്കുന്പോൾ ഇതിനകം എത്ര ബാറുകളും പാർലറുകളും തുറന്നുവെന്ന് ഹൈക്കോടതി ചോദിച്ചു.
അടച്ചുപൂട്ടിയവയിൽ 80 ശതമാനവും തുറന്നതായി ഹർജിക്കാരന്റെ അഭിഭാഷകൻ വ്യക്തമാക്കി. തിരുവനന്തപുരംചേർത്തല, കുറ്റിപ്പുറംകണ്ണൂർ പാതകൾ ദേശീയപാതയുടെ ഭാഗമല്ലെന്ന 2014 ഓഗസ്റ്റ് 14 ലെ കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം ഹാജരാക്കിയാണ് ബിയർ പാർലർ ഉടമകൾ അനുകൂല വിധി നേടിയതെന്നും ഈ വിജ്ഞാപനം ദേശീയപാതയുടെ പരിപാലനവുമായി ബന്ധപ്പെട്ടുള്ളതാണെന്നും ദേശീയപാതാ പദവിയുടെ ഭാഗമായല്ലെന്നും ഇബ്രാഹിംകുട്ടിയുടെ ഹർജിയിൽ പറയുന്നു. ഹർജിയിൽ ഇന്നു വീണ്ടും വിശദമായി വാദം കേൾക്കും.