കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന അടിസ്ഥാന രഹിതം: കേരള കോണ്‍ഗ്രസ്

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ വ്യക്തമാക്കി. ഒറ്റയ്ക്ക് നില്‍ക്കാനുള്ള ചരല്‍ക്കുന്നിലെ തീരുമാനമാണ് കേരള കോണ്‍ഗ്രസ് നടപ്പാക്കിയത്. കേരള കോണ്‍ഗ്രസി (എം) ന് ശക്തിയില്ലെന്ന് വീമ്പുപറഞ്ഞവര്‍ക്കുള്ള ശക്തമായ സന്ദേശമാണിത്. എല്ലായ്‌പ്പോഴും സ്ഥാനത്തും അസ്ഥാനത്തും കേരള കോണ്‍ഗ്രസിനെ കുത്തിനോവിച്ചവര്‍ക്കും അപമാനിച്ചവര്‍ക്കുമുള്ള ശക്തമായ തിരിച്ചടിയാണിതെന്ന് കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റിയംഗവും മുന്‍ എം എല്‍ എയുമായ സ്റ്റീഫന്‍ ജോര്‍ജും ജില്ലാ ജനറല്‍ സെക്രട്ടറി സണ്ണി തെക്കേടവും നിയുക്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലിയും വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കേരള കോണ്‍ഗ്രസ് ആരെയും ചതിച്ചിട്ടില്ല. മറിച്ചുനടത്തുന്ന പ്രസ്താവനകള്‍ കേരള കോണ്‍ഗ്രസിനെ ബോധപൂര്‍വം തകര്‍ക്കാനാണ്. കേരള കോണ്‍ഗ്രസ് (എം) കോണ്‍ഗ്രസിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചുണ്ടാക്കിയ തിരഞ്ഞെടുപ്പല്ല കോട്ടയം ജില്ലാ പഞ്ചായത്തില്‍ നടന്നത്. കോണ്‍ഗ്രസിന്റെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായുണ്ടായതാണ്. ഗ്രൂപ്പടിസ്ഥാനത്തില്‍ ഡി സി സി പ്രസിഡന്റ് സ്ഥാനം വീതംവച്ചപ്പോഴുണ്ടായ രാഷ്ട്രീയ സാഹചര്യമാണിവിടെ ഉരുത്തിരിഞ്ഞത്. കേരള കോണ്‍ഗ്രസ് (എം) പ്രാദേശികമായെടുത്ത തീരുമാനമാണിത്. ഇതിന് കെ എം മാണിയെയും ജോസ് കെ മാണിയെയും കുറ്റപ്പെടുത്തുകയോ പഴിക്കുകയോ ചെയ്തിട്ട് കാര്യമില്ല. ഈ തീരുമാനത്തില്‍ അവര്‍ക്ക് പങ്കില്ല. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നല്‍കിയിരുന്നു.

സി പി എമ്മുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ജില്ലാ പഞ്ചായത്തിലെ നിലപാടില്‍ കേരളാ കോണ്‍ഗ്രസിലെ എം എല്‍ എമാര്‍ക്കും അണികള്‍ക്കും അഭിപ്രായ വ്യത്യാസമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും നേതാക്കള്‍ വ്യക്തമാക്കി. കരാര്‍ ലംഘനത്തിന് കോണ്‍ഗ്രസാണ് തുടക്കമിട്ടത്. കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മൂന്നിലവ് പഞ്ചായത്തില്‍ കോണ്‍ഗ്രസ് സി പി എമ്മുമായി ചേര്‍ന്ന് കേരള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെ താഴെയിറക്കിയതായിരുന്നു യഥാര്‍ഥ ചതിയും വഞ്ചനയും. കണ്ണായ സ്ഥാനങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) പിന്തുണയോടെ അധികാരസ്ഥാനങ്ങള്‍ കൈയാളുകയും പാര്‍ട്ടിക്കെതിരേ നിരന്തരം വിമര്‍ശനമുന്നയിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതിനെതിരേ പ്രവര്‍ത്തകരില്‍നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസുമായുള്ള കരാറുകള്‍ കേരള കോണ്‍ഗ്രസ് പുനപ്പരിശോധിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ധാരണ തുടരുന്നത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *