സഹോദരന്‍ കുത്തേറ്റു മരിച്ച കേസില്‍ അറസ്റ്റിലായ സഹോദരിയെ കോടതി റിമാന്‍ഡു ചെയ്തു.

കായംകുളം: സഹോദരന്‍ കുത്തേറ്റു മരിച്ച കേസില്‍ അറസ്റ്റിലായ സഹോദരിയെ കോടതി റിമാന്‍ഡു ചെയ്തു. തെക്കേമങ്കുഴി പാക്ക് കണ്ടത്തില്‍ അജീഷി(28)നെ കൊലപ്പെടുത്തിയ കേസില്‍ പുള്ളിക്കണക്ക് ശ്രേയാഭവനില്‍ പ്രശാന്തിന്റെ ഭാര്യ അഞ്ജു(25)വിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

അജീഷുമായി അടുപ്പത്തിലുള്ള ഒരു യുവതിക്ക് വീടുപണിക്കായി മൂന്നരവര്‍ഷം മുമ്പ് അഞ്ജു ഒന്നരലക്ഷം രൂപ കടമായി നല്‍കിയിരുന്നു. നിരന്തരമായി ചോദിച്ചിട്ടും പണം തിരികെ നല്‍കിയില്ല. വിദേശത്ത് ജോലി ചെയ്യുന്ന പ്രശാന്ത് ഒരാഴ്ച മുമ്പ് അവധിക്കെത്തിയപ്പോള്‍ പണം മടക്കി നല്‍കാത്തതിനെ ചൊല്ലി യുവതിയുമായി തര്‍ക്കമുണ്ടായി. വിവരം അറിഞ്ഞ അജീഷ് ഇക്കാര്യം ചോദിക്കാനാണ് അഞ്ജുവിന്റെ വീട്ടിലെത്തിയത്.

സഹോദരിയുടെ പുള്ളിക്കണക്കിലെ വീട്ടിലെത്തിയ അജീഷും പ്രശാന്തും തമ്മില്‍ വാക്കേറ്റമുണ്ടായി. ഭീഷണിമുഴക്കി മടങ്ങിയ അജീഷ് സുഹൃത്തിനോടൊപ്പം വീണ്ടുമെത്തി. വടിവാളുമായി പ്രശാന്തിനെ വെട്ടാന്‍ എത്തിയ അജീഷിനെ അഞ്ജു തടഞ്ഞു. അഞ്ജുവിനെ അജീഷ് ക്രൂരമായി മര്‍ദ്ദിച്ചു. ഇതേ തുടര്‍ന്ന് അഞ്ജു കറിക്കത്തിയെടുത്ത് അജീഷിനെ കുത്തുകയായിരുന്നു. കുത്തേറ്റ അജീഷിനെ കായംകുളം ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

മുറിവേറ്റ അഞ്ജുവും പ്രശാന്തും പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ച ശേഷം കായംകുളം ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് പോലീസ് ഇവിടെ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. മരിച്ച അജീഷ് ഒട്ടേറെ ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *