വനിതാലീഗ് സംസ്ഥാന പ്രസിഡന്റുസ്ഥാനത്തുനിന്ന് നീക്കിയ ഖമറുന്നീസ അന്‍വറിന് പദവി വാഗ്ദാനവുമായി ബിജെപി.

വനിതാലീഗ് സംസ്ഥാന പ്രസിഡന്റുസ്ഥാനത്തുനിന്ന് നീക്കിയ ഖമറുന്നീസ അന്‍വറിന് പദവി വാഗ്ദാനവുമായി ബിജെപി. ദേശീയതലത്തില്‍ പ്രധാന പദവിയാണ് വാഗ്ദാനംചെയ്തത്. പലതലങ്ങളില്‍ ഇതുസംബന്ധിച്ച കൂടിയാലോചന നടക്കുന്നുണ്ട്. ഖമറുന്നീസ ബിജെപിയില്‍ ചേരുന്നത് തടയാന്‍ ലീഗ് നേതൃത്വത്തിലെ ചിലരും ശ്രമിക്കുന്നുണ്ട്. സമുദായ സംഘടനാ നേതാക്കളെ സംസാരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ബിജെപിയിലേക്ക് പോകുന്നത് ഖമറുന്നീസ നിഷേധിച്ചിട്ടില്ല. ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നു മാത്രമാണ് പറഞ്ഞത്.

ഫണ്ട് ശേഖരണ ഉദ്ഘാടനം വിവാദമായതുമുതല്‍ ബിജെപി സംസ്ഥാന നേതാക്കളില്‍ ചിലരും ജില്ലാ, മണ്ഡലം നേതാക്കളും ഖമറുന്നീസയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാനാകുമോ എന്നാണ് ഇവരുടെ നോട്ടം. കേന്ദ്ര സാമൂഹ്യക്ഷേമ ബോര്‍ഡില്‍ അംഗമായ ഖമറുന്നീസക്ക് ദേശീയതലത്തില്‍ ഉന്നത പദവിയാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഈ ക്ഷണമൊന്നും അവര്‍ ഇതുവരെ നിരസിച്ചിട്ടില്ലെന്നാണ് ബിജെപി നേതാക്കളും പറയുന്നത്. അടുത്ത മാസം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ കേരളത്തിലെത്തുമ്പോഴേക്കും അന്തിമ ധാരണയിലെത്താനാണ് ശ്രമം.

വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റുസ്ഥാനത്തുനിന്ന് നീക്കിയപ്പോള്‍ ഖമറുന്നീസയുടെ മകന്‍ അസ്ഹര്‍ മുസ്ളിംലീഗ് നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും വെല്ലുവിളിച്ചും ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ലീഗിലെ ചില സംസ്ഥാന ഭാരവാഹികളുടെയും രണ്ട് വനിതാ നേതാക്കളുടെയും ഇടപെടലാണ് തന്റെ പുറത്താക്കലിനുപിന്നിലെന്നാണ് ഖമറുന്നീസയുടെ നിലപാട്.

പി കെ കുഞ്ഞാലിക്കുട്ടിക്ക് ഡല്‍ഹിയില്‍ നല്‍കിയ സ്വീകരണത്തില്‍ ബിജെപി നേതാവിനെ ക്ഷണിച്ചതും വിവാദമായിട്ടുണ്ട്. മുസ്ളിംലീഗിന്റെ പോഷകസംഘടനയായ കേരള മുസ്ളിം കള്‍ച്ചറല്‍ സെന്റര്‍ (കെഎംസിസി) ഒരുക്കിയ സ്വീകരണത്തിലാണ് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനത്തെ പങ്കെടുപ്പിച്ചത്. ബിജെപി ഫണ്ടുശേഖരണ ഉദ്ഘാടനത്തിന്റെപേരില്‍ ഖമറുന്നീസക്കെതിരെ നടപടിയെടുത്ത നേതാക്കള്‍ ബിജെപി നേതാക്കളുമായി വേദിപങ്കിട്ടത് ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *