കല്ലറയില്‍ നിന്ന് വയോധികയുടെ മൃതദേഹം കാണാതായി

പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ കുഞ്ഞേലി കുഞ്ഞപ്പിയുടെ കല്ലറ പൊളിച്ച നിലയില്‍, തങ്കച്ചന്‍
പത്തനാപുരം: അന്‍പത്തിനാല് ദിവസം മുമ്പ് പള്ളിസെമിത്തേരിയില്‍ അടക്കം ചെയ്ത വയോധികയുടെ മൃതദേഹം കാണാതായി. പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് സംഭവം.

തലവൂര്‍ നടുത്തേരി ബേക്കച്ചാല്‍ മുകളുവിള വീട്ടില്‍ കുഞ്ഞേലി കുഞ്ഞപ്പി (88)യുടെ മൃതദേഹമാണ് കാണാതായത്. ഇന്നലെ പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികളിലൊരാളാണ് കല്ലറ തകര്‍ന്ന് ശവപ്പെട്ടി പുറത്ത് കിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണാതായി എന്നറിയുന്നത്. കുന്നിക്കോട് പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ച കുഞ്ഞേലിയുടെ കുടുംബവീടിനോട് ചേര്‍ന്ന റബ്ബര്‍ പുരയിടത്തില്‍ മൃതദേഹം കണ്ടെത്തി. ശരീരാവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞേലിയുടെ മകന്‍ തങ്കച്ചനെ (55) പോലീസ് അറസ്റ്റു ചെയ്തു.

മനോവൈകല്യമുള്ള ആളാണ് ഇയാള്‍. അമ്മ മരിച്ചിട്ടില്ലെന്നും പറമ്പില്‍ ഉണ്ടെന്നുമാണ് തങ്കച്ചന്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ചാക്കിലാക്കിയ മൃതദേഹം പോലീസിന് കാട്ടിക്കൊടുത്തു.
പ്രായാധിക്യത്തെ തുടര്‍ന്ന് അന്തരിച്ച കുഞ്ഞേലിയുടെ മൃതശരീരം മാര്‍ച്ച് 27നാണ് സെമിത്തേരിയില്‍ അടക്കം ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചക്ക് ശേഷമാകാം കല്ലറ തകര്‍ത്തതെന്നാണ് പോലീസ് പറയുന്നത്.

തെളിവെടുപ്പിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കിയ ശരീരാവശിഷ്ടങ്ങള്‍ പള്ളിസെമിത്തേരിയില്‍ വീണ്ടും കബറടക്കി. അടക്കം ചെയ്ത മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പള്ളിക്കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തങ്കച്ചനെ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കുളത്തൂപ്പുഴ സിഐ സുധീര്‍, കുന്നിക്കോട് എസ്‌ഐ സുമേഷ്‌ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *