ഹോട്ടല്‍ ഭക്ഷണത്തിന് 13 ശതമാനത്തോളം വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന് 13 ശതമാനത്തോളം വില കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്‌ടി പ്രകാരം 18 ശതമാനം വരെ നികുതി വര്‍ധിക്കുന്നതോടെയാണ് ഭക്ഷണ വില ഉയരുന്നത്.

നോണ്‍ എസി ഹോട്ടലുകളില്‍ അഞ്ച് ശതമാനം വിലയും എസി ഹോട്ടലുകളില്‍ 10 ശതമാനം വിലയുമാണ് കൂടുന്നത്. വ്യാപാരി വ്യവസായികളുമായും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായും ധനമന്ത്രി തോമസ് ഐസക് നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടായത്. നികുതിയിളവിന്റെ ആനുകൂല്യം വ്യാപാരികള്‍ക്ക് കിട്ടാത്ത സാഹചര്യമുണ്ടെന്നും ഈ സാഹചര്യത്തിലാണ് വില വര്‍ധനയെന്നും ധനമന്ത്രി അറിയിച്ചു.

ജിഎസ്‌ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പതിനൊന്നാം തീയതി ആഹ്വാനം ചെയ്തിരിക്കുന്ന കടയടച്ചുള്ള സമരത്തില്‍നിന്ന് പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബില്ലിലുള്ള തെറ്റുകള്‍ പരിഹരിക്കുക എന്നതല്ലാതെ വ്യാപാരികളില്‍നിന്ന് ഒരു തരത്തിലുള്ള പിഴയും ഈടാക്കില്ലെന്നും മന്ത്രി ഉറപ്പുനല്‍കി.

അതേസമയം, ഇറച്ചിക്കോഴിക്ക് 87 രൂപയാക്കി വില നിശ്ചയിച്ച നടപടികള്‍ക്കെതിരെ കോഴി വ്യാപാരികള്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും നഷ്ടം സഹിക്കാന്‍ തയ്യാറല്ലെന്നും കേരള പൗള്‍ട്രി ഫെഡറേഷന്‍ വ്യക്തമാക്കി.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *