മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്‍ മികവ് പുലര്‍ത്തുന്നവയ്ക്കുള്ള അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പുറത്ത്.

തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്‍ മികവ് പുലര്‍ത്തുന്നവയ്ക്കുള്ള അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പുറത്ത്. എന്നാല്‍ ഇരുപത്തെട്ടോളം സ്വകാര്യ ആശുപത്രികള്‍ വിവിധ തലങ്ങളില്‍ മികവിന്റെ പുരസ്‌ക്കാരം ഏറ്റുവാങ്ങി. പുരസ്‌ക്കാരം ലഭിച്ച സര്‍ക്കാര്‍ ആശുപത്രികളാകട്ടെ വിരലിലെണ്ണാവുന്നവ മാത്രം.

പുരസ്‌ക്കാര ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ഇടപെടലുകളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും ചെയ്തു. പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി പ്രവര്‍ത്തിപ്പിച്ച സ്ഥാപനങ്ങളാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിഗണനയ്ക്ക് വന്നത്. ഏറ്റവും മികച്ചവ ഉള്‍പ്പെടെ ഒരു വിഭാഗത്തില്‍ തന്നെ അഞ്ചിലധികം പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.

പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ലഭിച്ചത് ഒരു പുരസ്‌ക്കാരം മാത്രം. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഒന്നുമില്ല. തിരുവനന്തപുരം ജില്ലയിലാകട്ടെ തൈക്കാട് ആശുപത്രിക്ക് ലഭിച്ച ഏക മൂന്നാം സ്ഥാനം മാത്രമാണുള്ളത്.

അവാര്‍ഡിനായി പരിഗണിച്ച അപേക്ഷകളില്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സ്ഥാപനം സന്ദര്‍ശിച്ചാണ് നിലവാരം നിര്‍ണ്ണയിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും ഫാക്ടറീസ് ആന്‍ഡ്് ബോയിലേഴ്‌സ് ഡയറക്ടറും പരിസ്ഥിതി വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും ഉള്‍പ്പെടുന്ന ഒന്‍പതംഗ സമിതിയാണ് അപേക്ഷകള്‍ പരിഗണിച്ചത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *