നാട്ടിക എംഎല്‍എയും സിപിഐ നേതാവുമായ ഗീതാഗോപിയുടെ മകളുടെ വിവാഹം വിവാദത്തില്‍.

തൃശൂര്‍: നാട്ടിക എംഎല്‍എയും സിപിഐ നേതാവുമായ ഗീതാഗോപിയുടെ മകളുടെ വിവാഹം വിവാദത്തില്‍. 200 പവനിലേറെ സ്വര്‍ണാഭരണങ്ങളണിഞ്ഞാണ് വധു പന്തലിലെത്തിയത്. ആര്‍ഭാട വിവാഹത്തിനെതിരെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്ന് വന്‍പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ പ്രതിരോധത്തിലായ സിപിഐ നേതൃത്വം എംഎല്‍എയോട് വിശദീകരണം തേടാന്‍ തീരുമാനമെടുത്തു.

ഞായറാഴ്ചയായിരുന്നു വിവാഹം. പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് എംഎല്‍എയുടെ മകളുടെ ആര്‍ഭാടവിവാഹം ആദ്യം വിവാദമാക്കിയത്. മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കള്‍ വധൂവരന്മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സഹിതം പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

രൂക്ഷമായ ഭാഷയില്‍ എംഎല്‍എയേയും പാര്‍ട്ടി നേതൃത്വത്തെയും വിമര്‍ശിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ എംഎല്‍എയുടെ നടപടി തെറ്റായിപ്പോയെന്ന് സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇരുന്നൂറ് പവന്‍ സ്വര്‍ണവും 23ലക്ഷത്തിലേറെ വിലവരുന്ന ഇന്നോവ കാറും സ്ത്രീധനം നല്‍കാന്‍ എംഎല്‍എ ഗീതാഗോപിക്ക് എന്താണ് വരുമാനമെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നത്. രണ്ടു ടേമായി നാട്ടിക സംവരണമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഗീതാഗോപി. ഭര്‍ത്താവ് ഗോപി ഗുരുവായൂര്‍ ദേവസ്വത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്.

2004ലും 2009ലും ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണായിരുന്നു ഗീതാഗോപി. 2004മുതല്‍ സിപിഐ ജില്ലാകമ്മിറ്റി അംഗമാണ്. ഇപ്പോള്‍ മഹിളാസംഘത്തിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷയുമാണ്. സിപിഐ നേതാവായ ബിനോയ് വിശ്വം മകളുടെ വിവാഹം വളരെ ലളിതമായ രീതിയില്‍ നടത്തിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

അതേ പാര്‍ട്ടിയിലെ നേതാവായ ഗീതോഗോപിതന്നെ ആര്‍ഭാട വിവാഹത്തിന്റെ പേരില്‍ വെട്ടിലായത് കൗതുകമായി. നേരത്തെ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിന്റേയും ബിജു രമേശിന്റേയും മക്കളുടെ ആര്‍ഭാട വിവാഹം വിവാദമാക്കിയതില്‍ സിപിഐ നേതാക്കള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നിയമസഭയില്‍ സിപിഐ നേതാവ് മുല്ലക്കര രത്‌നാകരന്‍ ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കുകയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

ഗീതാഗോപിയുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്നും പാര്‍ട്ടി ചുമതലകളില്‍ നിന്ന് അവരെ ഒഴിവാക്കണമെന്നുമാണ് താഴെത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. തൃശൂര്‍ ജില്ലാകമ്മിറ്റി ഇക്കാര്യത്തില്‍ വിശദീകരണം തേടിയതായി ജില്ലാസെക്രട്ടറി കെ.കെ.വത്സരാജ് പറഞ്ഞു.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *