G S T സംസ്ഥാനത്തിന് വൻ സാമ്പത്തിക നേട്ടമുണ്ടാക്കും.കെ എം .മാണി

1986ലെ ലോക്‌സഭയുടെ ശീതകാല സമ്മേളനത്തിലാണ്‌ ആദ്യമായി ചരക്കുസേവന നികുതി (ജി.എസ്‌.ടി) ഇന്ത്യയില്‍ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ആലോചന നടന്നത്‌. പിന്നീട്‌ രണ്ടു പതിറ്റാണ്ടോളം ഇതു സംബന്ധിച്ച്‌ കാര്യമായ ചര്‍ച്ചകള്‍ ഭരണതലത്തിലോ അക്കാഡമിക്‌ മേഖലയിലോ നടന്നില്ല.
അതിനുശേഷം ഈ വിഷയം വീണ്ടും സജീവമാകുകയും ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കും നിയമനിര്‍മ്മാണ പ്രക്രിയകള്‍ക്കുമൊടുവില്‍ നാളെ മുതല്‍ നമ്മുടെ രാജ്യത്ത്‌ ജി.എസ്‌.ടി നിലവില്‍ വരികയുമാണ്‌.
ഇന്ത്യന്‍ നികുതി ഘടനയ്‌ക്ക്‌ നിരവധി പോരായ്‌മകളുണ്ട്‌. ഒരേ ഉല്‍പ്പന്നത്തിന്‍മേല്‍ത്തന്നെ പല തലത്തില്‍, പല തവണ, പല നിരക്കില്‍ നികുതി ചുമത്തുക; നികുതിത്തര്‍ക്കങ്ങള്‍ അനന്തമായി നീളുക, നിരക്കുകളെ സംബന്ധിച്ച അനിശ്ചിതാവസ്ഥ, വലിയ തോതിലുള്ള നികുതി ചോര്‍ച്ച, പ്രവേശന നികുതിയുടെ പേരിലുള്ള നിരന്തര കോലാഹലങ്ങള്‍, സംസ്ഥാനങ്ങള്‍ തമ്മില്‍ ഒരേ വസ്‌തുക്കളുടെ നികുതി നിരക്കുകളില്‍ വൈരുദ്ധ്യവും അതിന്റെ ഫലമായി വില്‍പ്പനയുടെ ഗതിമാറ്റവും, ഉയര്‍ന്ന നികുതി നിരക്കുള്ള സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കുള്ള സംസ്ഥാനങ്ങളിലേക്ക്‌ വ്യവസായങ്ങളുടെ ആസ്ഥാനമാറ്റം എന്നിങ്ങനെ നീളുന്നു ഈ വൈകല്യങ്ങള്‍. നിലവിലെ നികുതി സമ്പ്രദായമുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പൊതുദേശീയ വിപണി എന്ന ലക്ഷ്യത്തിന്‌ നിരന്തരം വിഘാതം സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു.
വില്‌പന നികുതിക്കു പകരം 2005-06 മുതല്‍ നടപ്പാക്കിയ മൂല്യവര്‍ദ്ധിത നികുതിയായിരുന്നു ഇതിനു മുന്‍പ്‌ ഇന്ത്യയില്‍ നടന്ന പ്രധാന നികുതി പരിഷ്‌കാരം. ഇതിലൂടെ നിരക്കുകള്‍ ലഘൂകരിക്കാനും ക്രമപ്പെടുത്താനും നിയമങ്ങളില്‍ കുറെയൊക്കെ വ്യക്തത വരുത്താനും നികുതി ഒടുക്കുന്ന കാര്യത്തില്‍ കൃത്യത നിഷ്‌കര്‍ഷിക്കാനും നടപടിക്രമങ്ങള്‍ വ്യവസ്ഥാപിതവല്‍ക്കരിക്കാനും സാദ്ധ്യമായി. തത്‌ഫലമായി നികുതി നിരക്കുകള്‍ കുറച്ചിട്ടുപോലും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉയര്‍ന്ന വരുമാന വര്‍ദ്ധന നേടാന്‍ കഴിഞ്ഞു.
2005-06 മുതല്‍ രാജ്യം കൈവരിച്ച മികച്ച സാമ്പത്തിക വളര്‍ച്ചയില്‍ മൂല്യവര്‍ദ്ധിത നികുതി സമ്പ്രദായം വലിയ പങ്കു വഹിച്ചിട്ടുണ്ട്‌.
എങ്കിലും രാജ്യത്തെ നികുതി ഘടനയുടെ ഭാഗമായി നിലനില്‍ക്കുന്ന അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍, നികുതിക്കു മേലുള്ള നികുതി എന്നിങ്ങനെയുള്ള പ്രധാന ന്യൂനതകള്‍ക്കു ശാശ്വത പരിഹാരമായില്ല. ജി.എസ്‌.ടി നടപ്പിലാക്കുന്നതിലൂടെ ഇത്‌ സാദ്ധ്യമാകുമെന്നാണ്‌ പ്രതീക്ഷ. കസ്റ്റംസ്‌ തീരുവ ഒഴികെയുള്ള എല്ലാ പരോക്ഷനികുതികളുടെയും സംയോജനം, താരതമ്യേന കുറഞ്ഞ നിരക്ക്‌, ലളിതമായ വ്യവസ്ഥകള്‍, നികുതി കണക്കാക്കാനും പരിശോധനകള്‍ക്കും ചോര്‍ച്ച തടയാനും നികുതിദായകര്‍ക്കു അറിയിപ്പുകള്‍ നല്‍കാനുമെല്ലാം മികച്ച സാങ്കേതിക വിദ്യയുടെ (ജി.എസ്‌.ടി.എന്‍) വിന്യാസം എന്നിവ പുതിയനികുതി വ്യവസ്ഥയുടെ പ്രത്യേകതകളാണ്‌.
ഇതിനോടകം നൂറ്റമ്പതിലധികം രാജ്യങ്ങളില്‍ ജി.എസ്‌.ടി നടപ്പാക്കിക്കഴിഞ്ഞു. ചുരുക്കം രാജ്യങ്ങളിലൊഴികെ മറ്റെല്ലായിടത്തും ഏക ജി.എസ്‌.ടി ഘടനയാണ്‌ നിലവിലുള്ളത്‌. ഫെഡറല്‍ സംവിധാനമുള്ള രാജ്യങ്ങളില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ നികുതി സമാഹരിക്കുകയും സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കുകയുമാണ്‌ ചെയ്യുന്നത്‌.
എന്നാല്‍ ഇന്ത്യയില്‍ നടപ്പാക്കുന്നത്‌ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും പരസ്‌പര ധാരണയിലും സഹകരണത്തിലും നികുതി സമാഹരിച്ച്‌ പരസ്‌പരം പങ്കുവയ്‌ക്കുവാന്‍ പര്യാപ്‌തമായ ഇരട്ട നികുതി സംവിധാനമാണ്‌. ഇത്‌ നമ്മുടെ ഫെഡറല്‍ വ്യവസ്ഥിതിയുടെ ശക്തിയാണ്‌ വിളിച്ചോതുന്നത്‌.
ഇപ്പോള്‍ സേവനങ്ങള്‍ക്കുള്ള നികുതിയും ഉത്‌പാദന ഘട്ടത്തിലുള്ള നികുതിയും ചുമത്താനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനു മാത്രമാണ്‌. അതുപോലെ സംസ്ഥാനക്കുള്ളില്‍ നടക്കുന്ന വ്യാപാരങ്ങള്‍ക്ക്‌ നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു മാത്രവും.
കഴിഞ്ഞ ഏകദേശം കാല്‍ പതിറ്റാണ്ടായി പ്രതിശീര്‍ഷ ഉപഭോഗം ഏറ്റവും കൂടിയ സംസ്ഥാനമാണ്‌ കേരളം. സേവന ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇത്‌ കൂടുതല്‍ പ്രസക്തമാണ്‌. പ്രത്യേകിച്ച്‌ കേരളം ഒരു ഉപഭോക്തൃ സംസ്ഥാനം ആയതിനാലും വാര്‍ത്താവിനിമയം, ഗതാഗതം, ഇന്റര്‍നെറ്റ്‌ ഇടപാടുകള്‍ എന്നിവയുടെ കാര്യത്തില്‍ ജി.എസ്‌.ടി ഉപഭോഗാധിഷ്‌ഠിത നികുതിയായതിനാലും കേരളത്തിന്‌ വന്‍ നേട്ടമാകും. വളരെ ഉയര്‍ന്ന വരുമാനവളര്‍ച്ച നേടാന്‍ സംസ്ഥാനത്തിനു കഴിയുമെന്നാണ്‌ എന്റെ പ്രതീക്ഷ.
പൂര്‍ണ്ണമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നികുതിഭരണം നടത്തുന്നതിനാലും വാങ്ങല്‍ ഘട്ടത്തില്‍ ഒടുക്കിയ നികുതി വില്‍പ്പനഘട്ടത്തില്‍ പിരിക്കുന്ന നികുതിയില്‍ തട്ടിക്കിഴിക്കുന്നതിനാലും ഒരു വശത്ത്‌ നികുതി വെട്ടിപ്പ്‌, ഉദ്യോഗസ്ഥരുടെ വിവേചനാധികാരം, അഴിമതി എന്നിവ പരിമിതിപ്പെടുകയും മറുവശത്ത്‌ നികുതി അടിസ്ഥാനം വിപുലമാകുകയും ചെയ്യും.
നിലവില്‍ രാജ്യത്തെ നികുതിഭാരം ജി.എസ്‌.ടി നടപ്പാവുമ്പോള്‍ ഏകദേശം 20-23 ശതമാനമായി ചുരുങ്ങും എന്നു കണക്കാക്കപ്പെടുന്നു. ഇതിന്റെ ഫലമായി വിലക്കയറ്റം കുറയുകയും ആഭ്യന്തര വിപണിയും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വിദേശ വിപണിയും വികസിതമാവുകയും ചെയ്യും. ആയതിനാല്‍ പുതിയ നികുതി ഉപഭോക്താക്കള്‍ക്കും സര്‍ക്കാരിനും വ്യാപാര വാണിജ്യ മേഖലകള്‍ക്കും കൂടുതല്‍ സ്വീകാര്യമായിരിക്കും.
നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ഈടാക്കിവരുന്ന എക്‌സൈസ്‌ ഡ്യൂട്ടികള്‍, അധിക എക്‌സൈസ്‌ ഡ്യൂട്ടികള്‍, അധിക കസ്റ്റംസ്‌ ഡ്യൂട്ടികള്‍, സേവന നികുതി, സെസുകളും സര്‍ച്ചാര്‍ജ്ജുകളും; സംസ്ഥാനങ്ങള്‍ ഈടാക്കിവരുന്ന മൂല്യവര്‍ദ്ധിത നികുതി കേന്ദ്രവില്‍പ്പന നികുതി, പ്രവേശന നികുതി, തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഈടാക്കിവരുന്നവ ഒഴികെയുള്ള വിനോദനികുതി, വാങ്ങല്‍ നികുതി, പരസ്യനികുതി, ലോട്ടറി, പന്തയം എന്നിവയുടെ നികുതി, സംസ്ഥാന സെസ്സുകള്‍, സര്‍ച്ചാര്‍ജ്ജുകള്‍ എന്നിവ എല്ലാം ജി.എസ്‌.ടിയില്‍ ലയിക്കും.
സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ഈടാക്കി വരുന്ന മദ്യത്തിന്മേലുള്ള (മനുഷ്യ ഉപഭോഗത്തിന്‍മേലുള്ളത്‌) നികുതി മാറ്റമില്ലാതെ തുടരും. പെട്രോളിയം ഉല്‍പ്പന്നങ്ങളിന്‍മേലുള്ള നികുതി തല്‍ക്കാലം ജി.എസ്‌.ടിയില്‍ ലയിപ്പിക്കില്ല, അക്കാര്യം ജി.എസ്‌.ടി കൗണ്‍സില്‍ പിന്നീട്‌ തീരുമാനിക്കും.
പുകയില/ പുകയില ഉല്‍പ്പന്ന നികുതി ജി.എസ്‌.ടിയില്‍ ലയിപ്പിക്കുമെങ്കിലും കേന്ദ്രസര്‍ക്കാരിന്‌ ഇവയിന്‍മേല്‍ എക്‌സൈസ്‌ നികുതി ചുമത്താനുള്ള അവകാശം നിലനിര്‍ത്തും.
20 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ ജി.എസ്‌.ടി നല്‍കേണ്ടതില്ല. 20 ലക്ഷം മുതല്‍ 75 ലക്ഷം വരെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക്‌ ജി.എസ്‌.ടിയില്‍ വിഭാവന ചെയ്യുന്ന കോമ്പോസിഷന്‍ സ്‌കീമില്‍ 1, 2, 5 നിരക്കുകളില്‍ നികുതി നല്‍കാവുന്നതാണ്‌. എന്നാല്‍ ഈ വിഭാഗങ്ങള്‍ക്ക്‌ വാങ്ങല്‍ ഘട്ടത്തില്‍ കൊടുത്ത നികുതിക്ക്‌ ക്രെഡിറ്റ്‌ ലഭിക്കുന്നതല്ല.
ജി.എസ്‌.ടിയെ സംബന്ധിച്ച്‌ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലോ സംസ്ഥാനങ്ങള്‍ തമ്മിലോ ഉണ്ടായേക്കാവുന്ന തര്‍ക്കങ്ങള്‍, നികുതി നിരക്ക്‌, ഏതെല്ലാം നികുതികള്‍ ജി.എസ്‌.ടിയില്‍ ലയിപ്പിക്കണം, എത്ര വാര്‍ഷിക വിറ്റുവരവുള്ളവരെ ഈ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം, ഒഴിവുകള്‍ നല്‍കേണ്ട കാര്യങ്ങള്‍ എന്നിവയെ സംബന്ധിച്ച്‌ തീരുമാനമെടുക്കുന്നതിനായി ജി.എസ്‌.ടി കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്‌. ഇതില്‍ കേന്ദ്ര ധന/റവന്യൂ മന്ത്രിമാരും സംസ്ഥാന ധനമന്ത്രിമാരും അംഗങ്ങളാണ്‌.
എന്നാല്‍ മൂന്നില്‍ ഒന്നു വോട്ടുകള്‍ കേന്ദ്രത്തിനായതിനാലും എന്തു തീരുമാനവും നടപ്പാക്കുന്നതിന്‌ നാലില്‍ മൂന്നു ഭൂരിപക്ഷം നിഷ്‌കര്‍ഷിച്ചിട്ടുള്ളതിനാലും ജി.എസ്‌.ടിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിയോജിക്കുന്ന വിഷയങ്ങളൊന്നും നടപ്പാക്കാനാവില്ല.
ജി.എസ്‌.ടിയുടെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്ന്‌ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക്‌ നികുതിയില്ല എന്നതാണ്‌. അതിനാല്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നും കയറ്റുമതി മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാകും. സിംഗപ്പൂര്‍, തെയ്വാന്‍, ജപ്പാന്‍, സ്വിറ്റ്‌സര്‍ലണ്ട്‌, ജര്‍മ്മനി, ചൈന മുതലായ രാജ്യങ്ങളില്‍ പരീക്ഷിച്ച്‌ വിജയിച്ചതാണിത്‌. അതിനാല്‍ `മേക്ക്‌ ഇന്ത്യ’ നയത്തിന്‌ ജി.എസ്‌.ടി മികച്ച പുന്തുണയാകും. ജി.എസ്‌.ടി നടപ്പിലാക്കുന്നതിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവിലേയ്‌ക്ക്‌ ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ അധിക വാര്‍ഷിക വരുമാനം എത്തുമെന്നു കരുതുന്നു. സാമ്പത്തിക വളര്‍ച്ചയിലും വന്‍ നേട്ടമുണ്ടാകും.
2015ല്‍ ഇന്ത്യയിലെ എല്ലാ ധനകാര്യമന്ത്രിമാരും അംഗങ്ങളായുള്ള ദേശീയ ജിഎസ്‌ടി കൗണ്‍സിലിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയുമായും എല്ലാ സംസ്ഥാനങ്ങളിലെയും ധനകാര്യമന്ത്രിമാരുമായും ജിഎസ്‌ടി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനും ഇക്കാലയളവില്‍ ഉയര്‍ന്നുവന്ന തര്‍ക്കവിഷയങ്ങളില്‍ വിദഗ്‌ധരുടെ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട്‌ അഭിപ്രായ സമന്വയം ഉണ്ടാക്കുവാനും അങ്ങനെ ഈ ചരിത്രദൗത്യത്തില്‍ നേതൃപരമായ പങ്കുവഹിക്കുവാനും എനിക്കു കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്‌.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *