വിവാഹത്തട്ടിപ്പുകാരി യുവതിയെ വിവാഹവേദിയില്‍വച്ചു തന്നെ പോലീസ് പിടികൂടി.

വിവാഹത്തട്ടിപ്പുകാരി യുവതിയെ വിവാഹവേദിയില്‍വച്ചു തന്നെ പോലീസ് പിടികൂടി. അഞ്ചോളം യുവാക്കളെ കബളിപ്പിച്ച കൊട്ടാരക്കര ഷിബുവിലാസത്തില്‍ വി. ശാലിനി(32)യാണ് അറസ്റ്റിലായത്. പത്രത്തില്‍ വിവാഹപരസ്യം നല്‍കി വിവാഹം ചെയ്ത് യുവാക്കളുടെ സ്വര്‍ണവും പണവും കവര്‍ന്നുകടക്കുകയാണു ശാലിനിയുടെ രീതി.

മലപ്പുറം കൊണ്ടോട്ടി ചീക്കോട്ട് കോളാമ്ബലത്ത് മണ്ണാറയ്ക്കല്‍ വീട്ടിലാണു നിലവില്‍ ശാലിനിയുടെ താമസം. വിവാഹപരസ്യം കണ്ടു ഫോണില്‍ വിളിക്കുന്നവരെയാണ് ഇവര്‍ ഇരയാക്കുന്നത്. ഇത്തരത്തില്‍ ഇന്നലെ രാവിലെ 11 മണിയോടെ ശാലിനിയും പത്തനംതിട്ട ജില്ലയിലുള്ള യുവാവും വിവാഹത്തിനായി പന്തളത്തിനു സമീപമുള്ള കുളനട ഉള്ളന്നൂര്‍ വിളയാടിശേരില്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ വിവാഹചടങ്ങ് പൂര്‍ത്തിയാക്കി ഇരുവരും സുഹൃത്തുക്കളുമായി സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ ശാലിനി കബളിപ്പിപ്പിച്ച കിടങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്റെ സുഹൃത്തും ക്ഷേത്രത്തിലെ സെക്രട്ടറിയുമായ പി.എസ്. അഭിലാഷ്, സുഹൃത്തായ വി.മനു എന്നിവര്‍ പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിച്ചു. സംഭവമറിഞ്ഞ് നേരത്തെ തട്ടിപ്പിനിരയായ കിടങ്ങന്നൂര്‍ സ്വദേശിയും സ്ഥലത്തെത്തി. ഇതോടെ യുവതി രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. അടൂര്‍ ഡിവൈ.എസ്.പി എസ്. റഫീക്കിന്റെ നിര്‍ദേശ പ്രകാരം സി.ഐ ആര്‍. സുരേഷ്, എസ്.ഐ എസ്.സനൂജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ശാലിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ് വരനെ ആവശ്യമുണ്ടെന്ന് കാട്ടിയുള്ള ശാലിനിയുടെ പത്രപരസ്യം കണ്ടു പത്തനംതിട്ട സ്വദേശി വിളിക്കുന്നത്. തുടര്‍ന്നു ശാലിനിയുടെ സഹോദരന്റെ ഭാര്യയെന്ന് പറഞ്ഞ് ഒരു യുവതി ഫോണില്‍ വിളിച്ചു. പിന്നീട് മറ്റൊരു നമ്ബറില്‍നിന്ന് ശാലിനിയും വിളിച്ചു. തുടര്‍ന്നു ശാലിനിയുടെ ആവശ്യത്തേത്തുടര്‍ന്നു മണ്ണാറശാല ക്ഷേത്രത്തിലെത്തിയ ഇരുവരും നേരിട്ടുകണ്ടു. ബന്ധുക്കളുമായി ആലോചിച്ചശേഷം വിവാഹം നടത്താമെന്ന് യുവാവ് അറിയിക്കുകയും ചെയ്തു. എന്നാല്‍, വിവാഹം ഉടന്‍ വേണമെന്ന നിലപാടിലായിരുന്നു ശാലിനി.
ആദ്യം മടിച്ചെങ്കിലും ശാലിനിയുടെ നിര്‍ബന്ധത്തിനു യുവാവ് വഴങ്ങി. ബംഗളുരുവില്‍ ജോലിയുണ്ടായിരുന്ന തനിക്ക് അടുത്ത സമയത്ത് കേരളാ ഹൈക്കോടതിയില്‍ ജോലി ലഭിച്ചെന്നും താന്‍ എല്‍.എല്‍.എം ബിരുദധാരിയാണെന്നും ശാലിനി യുവാവിനോട് പറഞ്ഞിരുന്നു. 50 പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ ധരിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *