തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു.

തിരുവനന്തപുരം: പൂവാര്‍ പുല്ലുവിളയില്‍ തീരദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു. പുല്ലുവിള പി.പി. വിളാകം പുരയിടത്തില്‍ ഫ്രാന്‍സിസ്-താസിലമ്മ ദമ്പതികളുടെ മകന്‍ ജോസ്‌ക്ലിന്‍ (50) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ വീടിനു പുറത്തുവച്ച് ഇദ്ദേഹത്തെ അന്‍പതോളം തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.

മാരകമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കഴിഞ്ഞ ആഗസ്തില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പുല്ലുവിള സ്വദേശി ഷിലു അമ്മ മരിച്ചിരുന്നു. ഷിലു അമ്മ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ദുരന്തം. സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ പുല്ലുവിളയില്‍ ഹര്‍ത്താല്‍ ആചരിച്ചു.

ഇന്നലെ രാത്രി വീടിനു പുറത്ത് ഇരിക്കുകയായിരുന്ന ജോസ്‌ക്ലിനെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിലും ശരീരത്തും സാരമായി പരിക്കേറ്റു. ചോര വാര്‍ന്നൊഴുകി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നായ്ക്കള്‍ പുറകെ പാഞ്ഞു. ഇതു കണ്ട ചില കുട്ടികളാണ് നായ്ക്കൂട്ടത്തെ കല്ലെറിഞ്ഞ് ഓടിച്ചശേഷം ജോസ്‌ക്ലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. ജസിന്തയാണ് ജോസ്‌ക്ലിന്റെ ഭാര്യ. ശൈലു, ശാലു, പത്രോസ് എന്നിവര്‍ മക്കളാണ്.

തീരദേശത്ത് തെരുവ്‌നായശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതര്‍ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. വീട്ടില്‍ നിന്നു രാവിലെ പ്രഭാതകര്‍മത്തിന് പുറത്തുപോയപ്പോഴാണ് ഷിലു അമ്മ തെരുവുനായയുടെ ആക്രമണതിനു ഇരയായത്. കരുംകുളം പഞ്ചായത്തിന്റെ അനാസ്ഥ അന്ന് ഏറെ ചര്‍ച്ച ചെയ്തുവെങ്കിലും തെരുവുനായ്ക്കളെ നിയന്ത്രിക്കാനോ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് അറുതിവരുത്താനോ യാതൊരു വിധ നടപടിയും സ്വീകരിച്ചില്ല.

ലക്ഷങ്ങള്‍ മുടക്കി മാലിന്യ സംസ്‌കരണ പ്ലാന്റ് പഞ്ചായത്ത് നിര്‍മ്മിച്ചെങ്കിലും അതും തീര്‍ത്തും പരാജയമായിരുന്നു. ഷിലു അമ്മ മരിച്ചപ്പോള്‍ ഭവന സന്ദര്‍ശനം നടത്തിയ സുരേഷ്‌ഗോപി എംപി ഫണ്ടില്‍ നിന്നു ശൗചാലയം നിര്‍മിക്കാന്‍ 25 ലക്ഷം രൂപ അനുവദിച്ചെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഫണ്ട് വേണ്ട എന്ന് തീരുമാനിച്ചു. ബിജെപി എംപി ആയതിന്റെ ഒറ്റക്കാരണം കൊണ്ടാണ് ഫണ്ട് പഞ്ചായത്ത് നിഷേധിച്ചത്.

തീരദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ഇവിടെ പ്രഭാതകര്‍മത്തിന് ശൗചാലയങ്ങള്‍ പോലുമില്ല. ഇതിനു വേണ്ടി പുറത്തു പോകുന്നവര്‍ക്കും സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്കുമാണ് ഏറെയും തെരുവുനായയുടെ ആക്രമണം നേരിടേണ്ടി വരുന്നത്. പുല്ലുവിള ആശുപത്രിയില്‍ മാത്രം കഴിഞ്ഞ നാലു മാസത്തിനിടെ പട്ടി കടിയേറ്റ 260 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *