പഫ് സ് വാങ്ങാന്‍ പിതാവിന്റെ പോക്കറ്റില്‍ നിന്നും 10 രൂപ മോഷ്ടിച്ചു; 9 വയസുകരനെ മാതാവ് പൊള്ളലേല്‍പിച്ചു

പഫ് സ് വാങ്ങാന്‍ പിതാവിന്റെ പോക്കറ്റില്‍ നിന്നും 10 രൂപ മോഷ്ടിച്ച ഒന്‍പതു വയസുകരനെ മാതാവ് ദേഹം മുഴുവനും പൊള്ളലേല്‍പിച്ചു .തൊടുപുഴ കുമാരമംഗലത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം. ഒമ്പത് വയസുകാരനും അനിയനും ചേര്‍ന്ന് ഒരു പഫ്‌സ് കഴിക്കുന്നത് ശ്രദ്ധയില്‍പെട്ട മാതാവ് രമ്യ പഫ്‌സ് വാങ്ങാന്‍ പണം എവിടെ നിന്നാണെന്ന് ചോദിച്ച് കുട്ടിയെ മര്‍ദിക്കുകയായിരുന്നു.

എന്നാല്‍ കുട്ടി കൃത്യമായ മറുപടി നല്‍കാതെ പതറി നിന്നപ്പോള്‍ അടുപ്പില്‍ കത്തികൊണ്ടിരുന്ന തീക്കൊള്ളി എടുത്തുകൊണ്ടുവന്ന് കുഞ്ഞിന്റെ ദേഹത്ത് കുത്തി പൊള്ളിക്കുകയായിരുന്നു. കുട്ടിയുടെ കൈകളിലും മുഖത്തും വയറിലുമെല്ലാം പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളിലൊരാളാണ് രമ്യ കുട്ടിയെ തീക്കൊള്ളി കൊണ്ട് കുത്തുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ സമീപത്തെ അംഗന്‍വാടിയില്‍ ചെന്ന് വിവരമറിയിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ പൊള്ളലേറ്റ കുട്ടിയും ആറുവയസുകാരനായ അനിയനും മാത്രമാണ് ഉണ്ടായിരുന്നത്.

അംഗന്‍വാടി വര്‍ക്കറായ ഖദീജ കെ.കെ സ്ഥലത്തെത്തി സംഭവം സത്യമാണെന്ന് മനസിലാക്കുകയും വിവരം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ മെല്‍ഡയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷംനാദിന് വിവരം കൈമാറുകയും പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരിലൊരാളായ ജോമറ്റ് ജോര്‍ജ് അംഗന്‍വാടി വര്‍ക്കറെയും ഐ.സി.ഡി.എസ് സൂപ്പര്‍വൈസറെയും കൂട്ടി കുട്ടിയുടെ വീട്ടിലെത്തുകയും ചെയ് തു. എന്നാല്‍ സംഘം വരുന്നതറിഞ്ഞ് കുട്ടിയുടെ പിതാവ് ബിനു വീടിന്റെ പുറക് വശത്ത് കൂടി രക്ഷപ്പെട്ടു.

പോലീസും വീട്ടിലെത്തിയിരുന്നു. സംഭവത്തെ കുറിച്ച് കുട്ടിയോട് ചോദിച്ചപ്പോള്‍ പിതാവിന്റെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് പഫ് സ് വാങ്ങിയതിനാണ് തന്നെ തീക്കൊള്ളി കൊണ്ട് പൊള്ളിച്ചതെന്നാണ് പറഞ്ഞത്. തുടര്‍ന്ന് കുട്ടിയെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെയും അനിയന്റെയും സംരക്ഷണം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഏറ്റെടുത്തു. പൊള്ളലേല്‍പ്പിച്ച വിവരം പുറത്ത് അറിയാതിരിക്കാനാവണം സ് കൂള്‍ തുറക്കുന്ന ദിവസമായിട്ടും വ്യാഴാഴ്ച കുട്ടിയെ സ് കൂളില്‍ അയക്കാതിരുന്നത്.

സംഭവത്തില്‍ തൊടുപുഴ പോലീസ് കേസെടുത്തു. തന്നെയും അനിയനേയും അച്ഛനും അമ്മയും എന്തെങ്കിലും കാരണം പറഞ്ഞ് ദിവസവും മര്‍ദിക്കാറുണ്ടെന്ന് കുട്ടി പറഞ്ഞു. കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയും മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാരും പറഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *