കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന കേന്ദ്ര വിജ്ഞാപനത്തില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് കേരള ഹൈക്കോടതി.

കൊച്ചി: കാലിച്ചന്തകളില്‍ കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന കേന്ദ്ര വിജ്ഞാപനത്തില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് കേരള ഹൈക്കോടതി. കന്നുകാലികളെ വില്‍ക്കുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ അവയുടെ മാംസം ഭക്ഷിക്കുന്നതിനോ നിരോധനമില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു.

കേന്ദ്ര വിജ്ഞാപനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ജി സുനില്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ചട്ടം പൊതുജനങ്ങള്‍ക്ക് വായിക്കാന്‍ ലഭ്യമാക്കിയാല്‍ അവരുടെ ആശങ്ക ഇല്ലാതാകുമെന്നും ഹൈക്കോടതി പറഞ്ഞു. കോടതിയുടെ കടുത്ത നിരീക്ഷണങ്ങളെത്തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിക്കാരന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ മദ്രാസ് ഹൈക്കോടതി വിധി അഡ്വക്കേറ്റ് ജനറല്‍ ഹാജരാക്കി. ഈ വിധി ആശ്ചര്യപ്പെടുത്തുന്നെന്നും എങ്ങനെയാണ് കോടതിക്കിതിന് കഴിഞ്ഞതെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
കാലിച്ചന്തയില്‍ കശാപ്പിനായി കാലികളെ വില്‍ക്കുന്നത് തടഞ്ഞതല്ലാതെ മറ്റൊന്നും കേന്ദ്ര വിജ്ഞാപനത്തില്‍ പറയുന്നില്ല. ആ നിലയ്ക്ക് ബീഫ് വില്‍ക്കുന്നതില്‍ നിന്ന് നിങ്ങളെ ആരാണ് തടയുന്നത്? ഇതൊക്കെ കോടതിക്കു പുറത്തു പറയാന്‍ കൊള്ളാവുന്ന ന്യായമായിരിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പൊതുജനങ്ങള്‍ക്ക് വായിക്കാന്‍ ലഭ്യമാക്കിയാല്‍ അവരുടെ ആശങ്കയില്ലാതാകും. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഹര്‍ജിക്കാരന് ഇതു ചെയ്യാനാവും.- കോടതി പറഞ്ഞു.

പൗരന്റെ ഭക്ഷണത്തിനുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന ഹര്‍ജിക്കാരന്റെ വാദത്തോട് ഡിവിഷന്‍ ബെഞ്ച് യോജിച്ചില്ല. കാലികളെ കശാപ്പിനായി ചന്തയില്‍ വില്‍ക്കുന്നതാണ് വിലക്കിയിട്ടുള്ളത്. നിങ്ങള്‍ക്ക് കന്നുകാലിയെ വീട്ടില്‍ വെച്ചോ ടെറസില്‍ വച്ചോ വില്‍ക്കാനും കശാപ്പ് ചെയ്യാനും കഴിയും. കശാപ്പ് നിരോധിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ കാലികളെ കശാപ്പ് ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടോ? ഭക്ഷിക്കാനുള്ള അവകാശം എവിടെയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത് ?- കോടതി ചോദിച്ചു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *