സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അനുമതിയുള്ള കശാപ്പുശാലകള്‍ വെറും അഞ്ചെണ്ണം.

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അനുമതിയുള്ള കശാപ്പുശാലകള്‍ വെറും അഞ്ചെണ്ണം. അനധികൃത അറവു ശാലകളാകട്ടെ അയ്യായിരത്തിലേറെയും. കന്നുകാലിച്ചന്തകളില്‍ അറവുമാടുകളെ വില്ക്കുന്നത് വിലക്കിയതിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ ബഹളമുണ്ടാക്കുന്നവര്‍ ഇത് അറിഞ്ഞമട്ടില്ല.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അംഗീകാരമുള്ള ഒറ്റ അറവുശാലപോലുമില്ല. എറണാകുളം, കൊല്ലം, തൃശൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ നിയമം പാലിച്ച് നടക്കുന്ന ഓരോ അറവ് ശാലകളാണുള്ളത്.

2011ല്‍ ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കിയപ്പോള്‍ അറവുശാലകള്‍ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. പെരുവഴിയിലും ഇടവഴികളിലും മൃഗങ്ങളെ അറക്കുന്നതിന് അറുതി വരുത്തണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കണം അറവുശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നുമാണ് വ്യവസ്ഥ.
ഇവയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവരുടെ ലൈസന്‍സ് നിര്‍ബന്ധമാണ്.

ലൈസന്‍സ് ലഭിക്കാന്‍ 2001ലെ കശാപ്പുശാല ചട്ടം പാലിക്കണം. ഓരോ അറവുശാലയിലും മൃഗഡോക്ടര്‍ വേണം, പ്രാകൃത രീതിയിലല്ലാതെ ബോധം കെടുത്തി വേണം കശാപ്പ്. ഒരു മൃഗത്തെ കൊല്ലുന്നത് മറ്റൊരു മൃഗത്തിനു മുന്നില്‍ വെച്ചാവരുത്, കശാപ്പ് ചെയ്യുന്നിടത്ത് മാംസം വിതരണം ചെയ്യരുത്, മാംസ വില്‍പ്പനയ്ക്ക് പ്രത്യേകം സ്റ്റാളുകള്‍ വേണം, കശാപ്പിന് ശേഷം- 18 മുതല്‍- 22 ഡിഗ്രി വരെയുള്ള ഊഷ്മാവില്‍ ഇറച്ചി സൂക്ഷിക്കണം, ഇറച്ചി ഒഴികെയുള്ള എല്ലാ ഭാഗങ്ങളും വിവിധ ആവശ്യങ്ങള്‍ക്കായി പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന വിധമായിരിക്കണം അറവുശാല തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകള്‍.

കേരളത്തിലെ അയ്യായിരത്തിലേറെ കശാപ്പുശാലകളു ഇതൊന്നും പാലിക്കുന്നില്ല. സംസ്ഥാനത്ത് അഞ്ചിടത്താണ് ഈ നിയമം പാലിക്കുന്നത്. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അനുമതിയില്ലാതെ പ്രാകൃതമായ രീതിയില്‍ കാലികളെ കശാപ്പ് ചെയ്യുന്നുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ നടത്തുന്ന അറവ് ശാല ഇതിന് ഉദാഹരണാണ്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *