മാവേലിക്കര സിഐയെ ഹൈക്കോടതി ജഡ്ജി ഭീഷണിപ്പെടുത്തിയെന്ന് പരാതി.

കൊച്ചി/മാവേലിക്കര: സഹോദരനെയും മകനെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര സിഐയെ ഹൈക്കോടതി ജഡ്ജി ഭീഷണിപ്പെടുത്തിയെന്ന് പരാതി. ജസ്റ്റിസ് പി.ഡി.രാജന്‍ സിഐയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി്. ഇത് സംബന്ധിച്ച് സിഐ: പി.ശ്രീകുമാര്‍ സുപ്രീംകോടതി സെക്രട്ടറി ജനറലിന് പരാതി നല്‍കി.

കഴിഞ്ഞ ം നവംബര്‍ 10 ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ നഗരസഭാ ഏഴാം വാര്‍ഡില്‍ കണ്ണങ്കര താഴേപുരയില്‍ ദാമോദര(62)നെ മൂന്നു പേര്‍ ചേര്‍ന്ന് മര്‍ദിച്ച കേസില്‍ ജസ്റ്റിസിന്റെ സഹോദരനും മകനും പ്രതിയായിരുന്നു.
ചെന്നിത്തല ചെറുകോല്‍ ജെയ്‌സണ്‍ വില്ലയില്‍ ജെയ്‌സണ്‍(28) തഴക്കര വഴുവാടി മൂടയില്‍ കിഴക്കതില്‍ ഭവിത്കുമാര്‍(28), ഇയാളുടെ പിതാവ് ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് കേസ്.

കേസില്‍ സഹോദരനായ ശശിധരനെയും മകന്‍ ഭവിത്കുമാറിനെയും ഒഴിവാക്കണമെന്ന് ജഡ്ജി സി.ഐയോട് ഫോണില്‍ ആവശ്യപ്പെടെന്നാണ് പരാതി. ഭവിത്കുമാര്‍ മോഷണക്കേസ് ഉള്‍പ്പെടെ മൂന്നോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കേസില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യമല്ലെന്നും സി.ഐ അറിയിച്ചു.

തുടര്‍ന്ന് കേസിനായി നവംബര്‍ 29 ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിലെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്രോസിക്യൂട്ടര്‍ സുമന്‍ചക്രവര്‍ത്തി സി.ഐയെ ഫോണില്‍ വിളിച്ച് ഫയലുമായി ഹൈക്കോടതിയില്‍ എത്താന്‍ ആവശ്യപ്പെട്ടു.30 ന് കോടതിയില്‍ എത്തിയ സിഐയോട് ജസ്റ്റിസ് പി.ഡി.രാജനെ കാണാന്‍ നിര്‍ദേശിച്ചു.

ചേംബറില്‍ എത്തിയ സിഐയോട് ജഡ്ജി മോശമായി സംസാരിക്കുകയും സഹോദരനെതിരെ കേസെടുക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്ന് ചോദിച്ച് തൊപ്പി തെറിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രോശിച്ചു ചേംബറില്‍ നിന്ന് ചാടിയെഴുന്നേറ്റു. ഉച്ചയ്ക്ക് ഒന്നു വരെ കോടതിയില്‍ നിര്‍ത്തുകയും ചെയ്തു. പരാതിയില്‍ പറയുന്നു.

പുറത്തു വന്ന സിഐ സംഭവങ്ങള്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായിരുന്ന എ.അക്ബറിനെ അറിയിച്ചു. അദ്ദേഹം ഇക്കാര്യങ്ങള്‍ എറണാകുളം റേഞ്ച് ഐ.ജി ശ്രീജിത്തിനെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ഹൈക്കോടതിയില്‍ എത്തിയ ഐ.ജി അവിടെ നിന്നും ഉച്ചയ്ക്ക് ശേഷം സിഐയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി രജിസ്ട്രാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീംകോടതി സെക്രട്ടറി ജനറലിന് പരാതി നല്‍കിയത്. ഇതുസംബന്ധിച്ച് ഉന്നത നീതിപീഠത്തെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് സിഐയുടെ പരാതി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *