പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം നടന്ന ആദ്യ ജില്ലാപഞ്ചായത്ത് യോഗം കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളത്തില്‍ മുക്കി.

കോണ്‍ഗ്രസ് ഭരണത്തില്‍ നടന്ന ഏബിള്‍ കോട്ടയം, എബിസി പദ്ധതി എന്നിവയിലെ അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. മുന്‍ പ്രസിഡന്റും ഡിസിസി അധ്യക്ഷനുമായ ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിലായിരുന്നു ബഹളം. യോഗംചേരുന്നത് മുന്‍കൂട്ടി അറിയിച്ചില്ലെന്നും അജണ്ട നല്‍കിയില്ലെന്നുമുള്ള തൊടുന്യായം ഉയര്‍ത്തി ഈ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കിയത്. തിങ്കളാഴ്ച പകല്‍ 11നാണ് അടിയന്തരയോഗം വിളിച്ചത്. യോഗംചേരുന്ന വിവരം ഞായറാഴ്ച അംഗങ്ങളെ അറിയിച്ചിരുന്നു. പദ്ധതി രൂപീകരണംസംബന്ധിച്ച് അടിയന്തര യോഗമാണെന്നും ഈ വിവരം എല്ലാ അംഗങ്ങളെയും അറിയിച്ചിരുന്നുവെന്നും പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. അജണ്ട സെക്രട്ടറിമുഖേന അംഗങ്ങള്‍ക്കു നല്‍കിയിരുന്നുവെന്നും പ്രസിഡന്റ് അറിയിച്ചു. ഇതൊന്നും ചെവിക്കൊള്ളാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറായില്ല.
ഭരണമാറ്റത്തില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍ ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് സിപിഐ എം അംഗങ്ങള്‍ ആരോപിച്ചു. പദ്ധതിനിര്‍വഹണം സുതാര്യവും സത്യസന്ധവുമാകണമെന്നും പ്രതിപക്ഷനേതാവ് കെ രാജേഷ് പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തില്‍ പദ്ധതികള്‍ പലതും അഴിമതിയിലാണ് കലാശിച്ചത്. ഈ സ്ഥിതിക്ക് അറുതിവരുത്താനാണ് തങ്ങള്‍ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *