മരുന്ന് വിപണിയിലും ചൈനീസ് കടന്നു കയറ്റം

മരുന്ന്‌ വിപണിയിലും ചൈനീസ്‌ കടന്നുകയറ്റം വ്യാപകമാകുന്നു. ഇതോടെ ഗുണനിലവാരമില്ലാത്ത മരുന്നുകൾ കഴിച്ച്‌ രോഗികൾ വലയുന്നു. വില നിയന്ത്രണ നിയമം നടപ്പിലായതോടെയാണ്‌ മരുന്ന്‌ വിപണിയിൽ ചൈനീസ്‌ കടന്നുകയറ്റം വർധിച്ചത്‌. ചൈനയിൽ നിന്നും വൻതോതിൽ ഗുണനിലവാരം കുറഞ്ഞ അസംസ്കൃത വസ്തുക്കൾ കമ്പനികൾ വാങ്ങുകയായിരുന്നു. മൂന്നാംകിട അസംസ്കൃത വസ്തുക്കൾ ചേർത്തുണ്ടാക്കിയ ഗുളികകൾ ഉപയോഗിക്കുന്നത്‌ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കാണ്‌ വഴിയൊരുക്കുക.
ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച്‌ ഗുളിക നിർമിക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം നികത്തുവാനായാണ്‌ കമ്പനിക്കാർ ചൈനയെ ആശ്രയിച്ചത്‌. വയാഗ്രമുതൽ പാരസെറ്റമോൾ വരെയുള്ള മരുന്നുകളിൽ ഇത്തരം ചൈനീസ്‌ കടന്നുകയറ്റം ഉണ്ടെന്നാണ്‌ സൂചന. ഭൂരിഭാഗം ഡോക്ടർമാരും മെഡിക്കൽ സ്റ്റോറുകാരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്‌. ഇത്തരം മരുന്നുകൾ പരിശോധിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയാണ്‌ പ്രധാന പ്രതിസന്ധി. കേരളത്തിൽ മൂന്ന്‌ സർക്കാർ ലാബുകൾ മാത്രമാണുള്ളത്‌. കൂടാതെ 48 ഡ്രഗ്‌ ഇൻസ്പെക്ടർമാർ മാത്രമാണ്‌ കേരളത്തിലുള്ളത്‌. ഈ സംവിധാനങ്ങൾ വെച്ച്‌ 4000 മരുന്നുകൾ മാത്രമേ പരിശോധിക്കാൻ കഴിയൂ. ഏതെങ്കിലും ഒരു സ്ഥാപനം ഇറക്കുന്ന മരുന്നിന്റെ ഒരു ബാച്ച്‌ നിലവാരമില്ലാത്തതാണെന്ന്‌ കണ്ടാൽ അത്‌ പിൻവലിക്കുകയും ബ്ലാക്ക്‌ ലിസ്റ്റിൽ പെടുത്തുകയുമേ ചെയ്യാൻ പറ്റൂ. അതേ കമ്പനിയുടെ മറ്റ്‌ മരുന്നുകൾ വാങ്ങുന്നതിന്‌ നിയമപരമായി തടസ്സമില്ല. ഈ പഴുത്‌ ഉപയോഗിച്ചാണ്‌ പല കമ്പനികളും നിരോധിച്ച മരുന്നുകൾ ചേരുവകളിൽ ചില്ലറ മാറ്റങ്ങൾ വരുത്തി വീണ്ടും പുറത്തിറക്കുന്നത്‌.
ലക്ഷക്കണക്കിന്‌ സ്ട്രിപ്പ്‌ ദിവസേന ഇറങ്ങുന്നതിനാൽ ഇവയുടെയെല്ലാം ഗുണനിലവാര പരിശോധന അസാധ്യമാണ്‌. രോഗം നിയന്ത്രണ വിധേയമാണെന്ന ധാരണ ഉള്ളതിനാൽ ഇവർ തുടർ പരിശോധനയ്ക്ക്‌ പോകില്ല. ഇത്‌ രോഗാവസ്ഥ ഗുരുതരമാകും. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനുമുള്ള മരുന്നുകൾ ഉൾപ്പെടെ പലതിനും പഴയ ഗുണനിലവാരമില്ല എന്നത്‌ ഡോക്ടർമാർ തന്നെ സമ്മതിക്കുന്നു. മെഡിക്കൽ കൗൺസിലും ഡ്രഗ്‌ കൺട്രോൾ അതോറ്റിയും നിശ്ചിയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ്‌ ഇവ വിപണിയിലെത്തിക്കുന്നത്‌. സംസ്ഥാന ഡ്രഗ്‌ കൺട്രോളർ നിരോധിച്ചതും ഒട്ടേറെ പാർശ്വഫലങ്ങൾ ഉളവാക്കുന്നതുമായ മരുന്നുകൾപോലും സ്വകാര്യ ആശുപത്രികളിൽ ഉപയോഗിക്കുന്നുണ്ട്‌. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന പത്ത്‌ ശതമാനം മരുന്നുകളും വിറ്റഴിയുന്നത്‌ ജനസംഖ്യയിൽ മൂന്ന്‌ ശതമാനം വരുന്ന കേരളത്തിലാണ്‌. ഒരു വർഷം ഏകദേശം 2000 കോടി രൂപയുടെ അലോപ്പതി മരുന്ന്‌ കേരളത്തിൽ വിറ്റഴിയുന്നതായാണ്‌ കണക്കുകൾ. ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച്‌ പരാതി നൽകുവാൻ കേന്ദ്ര ആരോഗ്യവകുപ്പിന്റെ കീഴിൽ ദേശിയ മരുന്ന്‌ ഗുണമേന്മാ നിയന്ത്രണ സമിതിയുണ്ട്‌. എന്നാൽ ജനങ്ങൾ ഇത്തരം സംവിധാനങ്ങളെ ആശ്രയിക്കുന്നില്ല എന്നതാണ്‌ സത്യം.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *