വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് അതീവ ഗൌരവമുള്ള പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് അതീവ ഗൌരവമുള്ള പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം ഗൌരവതരമായിത്തന്നെ സര്‍ക്കാര്‍ പരിശോധിക്കും. ഇതിനായുള്ള പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.

അതേസമയം, വിഴിഞ്ഞം കരാര്‍ സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി)റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുമ്പോള്‍ കൂടുതല്‍ വ്യാപകമായ കൊള്ളയുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. മണ്ണും കടലും കായലുമെല്ലാം തീറെഴുതി ഇങ്ങനെ കരാറുണ്ടാക്കിയത് സംസ്ഥാനതാല്‍പ്പര്യം പൂര്‍ണമായും ബലികഴിച്ചാണെന്ന് സിഎജി റിപ്പോര്‍ട്ടിലെ ഓരോ പരാമര്‍ശവും വ്യക്തമാക്കുന്നു. 18 പേജുള്ള റിപ്പോര്‍ട്ടില്‍ ക്രമക്കേടുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞിട്ടും അതിനെ ന്യായീകരിക്കാനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. എന്നാല്‍, മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ സംസ്ഥാനനേതാക്കള്‍തന്നെ സിഎജി റിപ്പോര്‍ട്ട് അതീവ ഗൌരവതരമെന്ന് ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് തീറെഴുതിയതിലൂടെ സംസ്ഥാനത്തിന് 40 വര്‍ഷം കഴിഞ്ഞാലും 5,608 കോടിരൂപയുടെ വരുമാന നഷ്ടമുണ്ടാകും. 30 വര്‍ഷകാലാവധി എന്നത് 40 വര്‍ഷമാക്കുമ്പോള്‍ അദാനി ഗ്രൂപ്പിന് 29,000 കോടിയിലേറെ അധികവരുമാനം കണക്കാക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന് ഇത്രയും ഭീമമായ നഷ്ടം സംഭവിക്കുന്നത്.

നിര്‍മാണകരാറിലെ വ്യവസ്ഥകള്‍ കരാറുകാരന്‍ ആവശ്യപ്പെടാതെതന്നെ ഇളവ് ചെയ്തതിനാല്‍ പലിശ ഇനത്തില്‍മാത്രം 123.71 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടായിട്ടുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. 548 കോടി ചെലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി പണയപ്പെടുത്താനുള്ള അവകാശം അദാനിക്ക് നല്‍കിയത് നിയമവിരുദ്ധമായാണ്. സര്‍ക്കാര്‍ തോന്നിയപോലെ വ്യവസ്ഥകള്‍ കൂട്ടിക്കുഴയ്ക്കുകയും കൂട്ടിച്ചേര്‍ക്കുകയുംചെയ്തു.

ബാഹ്യഉപദേഷ്ടാക്കള്‍ തയ്യാറാക്കിയ സാമ്പത്തിക-സാങ്കേതിക എസ്റ്റിമേറ്റുകള്‍ വേണ്ടത്ര ശ്രദ്ധയോടെ പരിശോധിക്കാത്തതുകാരണം മൊത്തം ചെലവ് അനുമാനങ്ങള്‍ കുത്തനെ കൂടി. കരാര്‍ തയ്യാറാക്കുമ്പോള്‍ സംസ്ഥാനതാല്‍പ്പര്യം സംരക്ഷിക്കപ്പെട്ടില്ല. പിപിപി പദ്ധതികള്‍ക്കായി ബാഹ്യഉപദേഷ്ടാക്കള്‍ തയ്യാറാക്കുന്ന മൊത്തം ചെലവ് കണക്ക് യോഗ്യരും ഉത്തരവാദപ്പെട്ടവരുമായ ഉദ്യോഗസ്ഥരും വകുപ്പുകളും പരിശോധിച്ചശേഷം മാത്രമേ അംഗീകരിക്കാവൂ. കരാറുകള്‍ തയ്യാറാക്കുമ്പോള്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.

യുഡിഎഫ് സര്‍ക്കാരിനും കരാര്‍ നടപ്പാക്കാന്‍ അമിതതാല്‍പ്പര്യംകാട്ടിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും തുറമുഖമന്ത്രി കെ ബാബുവിനുമുള്ള കുറ്റപത്രമായി ഓഡിറ്റ് റിപ്പോര്‍ട്ടിനെ കണക്കാക്കാം. എന്നിട്ടും ഉമ്മന്‍ചാണ്ടി മലക്കംമറിയുകയാണ്.

സിഎജിയുടേത് നോട്ടപ്പിശകെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം > വിഴിഞ്ഞം കരാറില്‍ വന്‍ക്രമക്കേട് നടന്നതായുള്ള സിഎജിയുടെ കണ്ടെത്തല്‍ നോട്ടപ്പിശകെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കരാറുമായി ബന്ധപ്പെട്ട പലകാര്യങ്ങളും സിഎജി ധരിച്ചിരിക്കുന്നത് തെറ്റായാണ്. സിഎജി നോക്കിയത് വരുമാനം മാത്രമാണ്. ചെലവ് പരിഗണിച്ചിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് വിഴിഞ്ഞം പദ്ധതി കേരളത്തില്‍ വന്‍വികസനമുണ്ടാക്കുമെന്ന മുന്‍നിലപാടില്‍ നിന്ന് അദ്ദേഹം മലക്കം മറിഞ്ഞു. വിഴിഞ്ഞം പദ്ധതിയിലൂടെ എന്ത് നേട്ടമാകും സംസ്ഥാനത്ത് ഉണ്ടാകുകയെന്ന ചോദ്യത്തിന് ‘പ്രവചനാതീതം’ എന്നായിരുന്നു പ്രതികരണം. കരാറുമായി ബന്ധപ്പെട്ട് നിരത്തിയ ന്യായങ്ങള്‍ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന് മനസ്സിലാകുന്നില്ലേ എന്ന ചോദ്യത്തിന് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു മറുപടി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *