ചെന്നൈ: ബീഫ് ഫെസ്റ്റിവലിൽ പങ്കെടുത്ത മലയാളി വിദ്യാർഥിയെ എബിവിപി പ്രവർത്തകർ മർദിച്ച സംഭവത്തിൽ എട്ടു പേർക്കെതിരേ പോലീസ് കേസെടുത്തു. കലാപം അഴിച്ചുവിടുക, മർദനം, തടഞ്ഞുവയ്ക്കുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ പരാതിയിൽ മർദനമേറ്റ മലയാളി വിദ്യാർഥി സൂരജിനെതിരേയും കേസെടുത്തിട്ടുണ്ട്.
നേരത്തെ, കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരേ മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റിവൽ നടത്തി പ്രതിഷേധിച്ച ഗവേഷക വിദ്യാർഥിയായ മലപ്പുറം സ്വദേശി സൂരജിനാണ് ഒരു സംഘം എബിവിപി പ്രവർത്തകരുടെ മർദനമേറ്റത്. മർദനത്തിൽ കണ്ണിന് ഗുരുതര പരിക്കേറ്റ സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേന്ദ്രസർക്കാരിന്റെ കശാപ്പ് നിരോധനത്തിൽ പ്രതിഷേധിച്ച് കാന്പസിൽ കഴിഞ്ഞദിവസമാണ് ബീഫ് ഫെസ്റ്റ് നടത്തിയത്. നൂറിനടുത്ത് വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ഇതിനെതിരേ ഒരു സംഘം വിദ്യാർഥികൾ പ്രതിഷേധമുയർത്തിയിരുന്നു.