ഇറച്ചി വിൽക്കുന്നതിനോ കശാപ്പിനോ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം.

കൊച്ചി: കന്നുകാലികളെ കശാപ്പിന് വിൽക്കുന്ന വനം-പരിസ്ഥതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ കോടതിയിൽ. ഇറച്ചി വിൽക്കുന്നതിനോ കശാപ്പിനോ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ ബോധിപ്പിച്ചു. കന്നുകാലി ചന്ത കാർഷിക ആവശ്യത്തിനു മാത്രമാക്കണമെന്നാണ് വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനമെന്നും ഇത് സ്റ്റേ ചെയ്യരുതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

കേന്ദ്ര വിജ്ഞാപനത്തിനെതിരേ ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ വന്ന ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിന്‍റെ കശാപ്പ് നിരോധനത്തിനെതിരായി വന്ന ഹർജികളെ സംസ്ഥാന സർക്കാർ പിന്തുണച്ചു. ഹർജി മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദേശം നൽകി.

കന്നുകാലികളെ കശാപ്പിനായി വിൽകുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്‍റെ ഉത്തരവിനെ അനുകൂലിച്ച് രാവിലെ ചീഫ് ജസ്റ്റീസ് അടങ്ങിയ ഡിവിഷൻ ബെഞ്ചിൽ നിന്നു പരാമർശമുണ്ടായിരുന്നു. കേന്ദ്ര വിജ്ഞാപനത്തിൽ കശാപ്പിനോ മാംസ വിൽപ്പനയ്ക്കോ നിരോധനമില്ല. കശാപിനുള്ള കന്നുകാലി വിൽപ്പന മാത്രമാണ് നിരോധിച്ചതെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. യൂത്ത് കോൺഗ്രസ് നേതാവിന്‍റെ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *