അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നു.

വിവാദമായ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നു. അതിരപ്പള്ളി പദ്ധതി ഇനി തുടങ്ങാനാകില്ലെന്ന് വൈദ്യുത മന്ത്രി എം എം മണി. ചെറുകിട പദ്ധതികളാണു കേരളത്തിന് ആശ്രയിക്കാനാവുകയെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട്ട് കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരപ്പള്ളി പദ്ധതിയെക്കുറിച്ച്‌ എല്‍ഡിഎഫില്‍ തന്നെ പ്രശ്നമാണ്. മാത്രമല്ല, പരിസ്ഥിതിവാദികളും യുഡിഎഫുമൊക്കെ പദ്ധതിക്കെതിരാണെന്നും മന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തില്‍ ചെറുകിട വൈദ്യുത പദ്ധതികളെയാണ് ആശ്രയിക്കാന്‍ കഴിയുകയെന്നു പറഞ്ഞ മന്ത്രി, ഇതു പൂര്‍ത്തിയാക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമമെന്നും അറിയിച്ചു. ഇടുക്കി, പാലക്കാട് ജില്ലകളില്‍ കാറ്റില്‍നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളെ സര്‍ക്കാര്‍ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ പദ്ധതി നടപ്പാക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. അഭിപ്രായ സമന്വയത്തോടെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. വനമല്ല, വൈദ്യുതിയാണു പ്രധാനമെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമന്ത്രിയും പദ്ധതിക്ക് അനുകൂലനിലപാടാണ് സ്വീകരിച്ചിരുന്നത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *