ക്ഷേത്രത്തില്‍നിന്ന് കാണാതായ വിലമതിക്കാനാകാത്ത നവരത്ന പതക്കം ദുരൂഹ സാഹചര്യത്തില്‍ കാണിക്കവഞ്ചിയില്‍നിന്ന് കണ്ടെത്തി.

അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്ന് കാണാതായ വിലമതിക്കാനാകാത്ത നവരത്ന പതക്കം ദുരൂഹ സാഹചര്യത്തില്‍ കാണിക്കവഞ്ചിയില്‍നിന്ന് കണ്ടെത്തി. വിശേഷദിവസങ്ങളില്‍ ശ്രീകൃഷ്ണവിഗ്രഹത്തില്‍ തിരുവാഭരണത്തോടൊപ്പം ചാര്‍ത്തുന്ന പതക്കവും ഇതോടൊപ്പമുള്ള മാലയുമാണ് ചൊവ്വാഴ്ച ഉച്ചയോടെ ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചികളിലായി കണ്ടെത്തിയത്. പതക്കം കാണാതായശേഷം ദേവസ്വം കമീഷണറുടെ നേതൃത്വത്തില്‍ കാണിക്കവഞ്ചികള്‍ പൊട്ടിച്ച് പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇതേ കാണിക്കവഞ്ചികളില്‍ പതക്കം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി വിജയകുമാരന്‍ നായര്‍ പറഞ്ഞു.

ചൊവ്വാഴ്ച പകല്‍ 2.30 ഓടെ ക്ഷേത്രാങ്കണത്തിലെ ഗുരുവായൂരപ്പന്‍ നടയ്ക്കു സമീപത്തെ കാണിക്കവഞ്ചിയില്‍നിന്ന് മാല കണ്ടെത്തി. തുടര്‍ന്ന് ഒരുമണിക്കൂറിനുശേഷം ഗണപതി വിഗ്രഹത്തിന് സമീപത്തെ കാണിക്കവഞ്ചിയില്‍ നിന്ന് പതക്കവും ലഭിച്ചു. 98 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാലയും പതക്കവും പല കഷണങ്ങളായി പൊട്ടിച്ചനിലയിലാണ്. ഇവ പത്രക്കടലാസില്‍ പൊതിഞ്ഞ നിലയിലാണ്. തിരുവിതാംകൂര്‍ ദേവസ്വം ഡെപ്യൂട്ടി കമീഷണര്‍ രാജശ്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാണിക്കവഞ്ചികള്‍ പരിശോധിച്ചത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *