ദിലീപിനും നാദിര്‍ഷയ്ക്കും പിന്തുണയുമായി നടന്‍ സലീംകുമാര്‍ രംഗത്ത്.

ദിലീപിനും നാദിര്‍ഷയ്ക്കും പിന്തുണയുമായി നടന്‍ സലീംകുമാര്‍ രംഗത്ത്. നടന്‍ ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരിസഹോദരന്മാരാല്‍ രചിക്കപ്പെട്ട ഒരു തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റ് നമ്മള്‍ 2013 -ല്‍ കണ്ടതാണ്.ദിലീപ് -മഞ്ജു വാരിയര്‍ ഡിവോഴ്സ്. പിന്നീട് പലരാല്‍ പല വിധത്തില്‍ ആ കഥയ്ക്ക് മാറ്റം വരുത്തിയെന്ന് സലീം കുമാര്‍ പറഞ്ഞു.

ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വരെ ദിലീപിന്റെ പേര് വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണ് വെളിവാക്കുന്നത്. സംഭവം നടന്നു അഞ്ചു മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് മറ്റൊരു വഴിത്തിരിവില്‍ എത്തി ചേര്‍ന്നിരിക്കുന്നത്. പള്‍സര്‍ സുനി ജില്ലാ ജയിലില്‍ വെച്ച്‌ ജയിലറിന്റെ സീലോടു കൂടി എഴുതിയ ഒരു കത്ത് ഇന്നലെ മുതല്‍ ചില ചാനലുകള്‍ തുടരെ തുടരെ കാണിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സന്ദര്‍ഭത്തില്‍ നിയമത്തെ കുറിച്ച്‌ യാതൊരു അറിവുമില്ലാത്ത എന്നെപോലുള്ളവര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതിലൊന്ന് ജില്ലാ ജയിലില്‍ വെച്ച്‌ ജയിലറിന്റെ സീലോടുകൂടി പള്‍സര്‍ സുനി എഴുതി എന്ന് പറയപ്പെടുന്ന ബ്ലാക്ക്മെയിലിങ് സ്വരമുള്ള ഈ കത്ത് ആദ്യം ഏല്‍പ്പിക്കേണ്ടത് പോലീസിനെയോ മജിസ്ട്രേറ്റിനെയോ അല്ലേ എന്ന് സലീം കുമാര്‍ ചേദിക്കുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സലീംകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജീവിതത്തില്‍ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാള്‍. ഒരിക്കല്‍ പോലും ഫോണില്‍ ബന്ധപെട്ടിട്ടില്ലാത്ത പള്‍സര്‍ സുനി എന്നൊരാള്‍ക്ക് ഒരു നടിയുടെ വീഡിയോക്ക് വേണ്ടി ഒന്നര കോടി രൂപ കൊടുക്കാം എന്ന് പറയാന്‍തക്ക വിവരമില്ലാത്തവനാണ് ദിലീപ് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയില്ല. ഒരു കാര്യം സത്യമാണ് എല്ലാ ചരടുവലികളും കഴിഞ്ഞു ആരൊക്കെയോ അണിയറയില്‍ ഇരുന്ന് ചിരിക്കുന്നുണ്ട് .അത് ഇവിടെയിരുന്നുകൊണ്ട് എനിക്ക് കാണാമെന്നും അദ്ദേഹം പറയുന്നു.

ഇത് ഒരു സ്നേഹിതന് വേണ്ടിയുള്ള വക്കാലത്തല്ല വേട്ടയാടപ്പെടുന്ന ഒരു നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോര്‍ക്കണം. ഞാന്‍ എഴുതുന്ന ഈ പോസ്റ്റിനു താഴെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയ അച്ഛനെയും അമ്മയെയും സ്മരിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും കമന്റ് എഴുതും എന്ന് എനിക്കറിയാം. നിങ്ങള്‍ക്ക് സ്വാഗതം കാരണം പ്രതികരണം ഏതു രീതിയിലും ആവാമല്ലോ.

ദിലീപും നാദിര്‍ഷായും എന്റെ സ്നേഹിതന്മാരാണ്.അതില്‍ ഞാന്‍ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളില്‍ വെച്ചുകൊണ്ട് തന്നെ ഞാന്‍ പറയുന്നു. ഇവരെ രണ്ടു പേരെയും ഒരു ശാസ്ത്രീയ നുണ പരിശോധനക്കായി ഞാന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാമെന്നും സലീംകുമാര്‍ പറയുന്നു.

സിനിമാക്കാര്‍ക്ക് ഒരായിരം സംഘടനകള്‍ ഉണ്ട് അതില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്തോ അവരാരും വേണ്ട രീതിയില്‍ പ്രതികരിച്ചു കണ്ടില്ല.എന്റെ അറിവില്‍ അദ്ദേഹം ഇല്ലാത്തതു ഈയടുത്തകാലത്തു തങ്ങളുടെ സുരക്ഷയ്ക്കായി സിനിമ രംഗത്തെ സ്ത്രീകള്‍ രൂപീകരിച്ച സംഘടനയിലാണ്. അവരെങ്കിലും ഇതില്‍ പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ദിലീപ് കുറ്റവാളി ആണെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കില്‍ നമ്മള്‍ ഏല്‍പ്പിച്ച കളങ്കങ്ങള്‍ കഴുകി കളയേണ്ട ബാധ്യതയും നമുക്ക് തന്നെയാണ്.മാധ്യമങ്ങള്‍ സ്വന്തമായി വാര്‍ത്തകള്‍ സൃഷ്ടിച്ചു പ്രക്ഷേപണം ചെയ്യുന്ന ഈ കാലത്തു ദിലീപിന്റെ ഈ അവസ്ഥ നമ്മളിലേക്കെത്താനും അധിക ദൂരമൊന്നുമില്ലെന്നറിയുകയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *