രാമന്റെ ഏദൻതോട്ടം;ഇപ്പോ മാലിനിയുടേയും

 

ആണും പെണ്ണും തമ്മിലുള്ള സഹൃദത്തിനുമപ്പുറം ഇതു ബന്ധങ്ങളുടെ ഏദൻതോട്ടമാണ്. അനർവചനീയ അനുഭൂതി നൽകുന്ന ഒന്നാണ്. പ്രണയമെന്നത് ലളിതമായ രീതിയിൽ സിനിമ നമുക്ക് പറഞ്ഞുതരുന്നു. സൗഹൃദത്തിൽ തുടങ്ങി പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുന്നതാവും മിക്കവാറും എല്ലാ മലയാള സിനിമയിലെയും പ്രമേയം. വിവാഹിതനായ പുരുഷന്‌ വിവാഹിതയായ ഒരു സ്ത്രീയോട്‌ തോന്നുന്ന പ്രണയത്തിന്‌ കാമത്തിന്റെ നിറച്ചാർത്ത്‌ നൽകി മാത്രമേ ഭൂരിഭാഗം സിനിമാക്കഥകളിലും ചിത്രീകരിക്കപ്പെട്ടിട്ടുള്ളു. എന്നാൽ രജ്ഞിത്ത്്‌ ശങ്കർ തിരക്കഥയെഴുതി നിർമ്മിച്ച്‌ സംവിധാനം ചെയ്തിരിക്കുന്ന രാമന്റെ ഏദൻതോട്ടമെന്ന ചിത്രം വ്യത്യസ്തമാകുന്നത്‌ ഭർത്താവിനെക്കാൾ ഭാര്യയെ മനസ്സിലാക്കുന്ന ഒരു പുരുഷസുഹൃത്തിനെ നായകസ്ഥാനത്തിലേക്കെത്തിക്കുന്നതിലൂടെയാണ്‌. പ്രണയത്തിനു പല മുഖങ്ങളുണ്ടാകാം. ചിലർക്കത് ദിവ്യമായ ഒരനുഭൂതിയാകാം ചിലർക്ക് അത് കാമമാകാം. ഒരുരത്തർക്കും പ്രണയം തോന്നുന്നത് ഓരോ കാലഘട്ടത്തിലാകാം ഓരോ കാരണങ്ങളുമുണ്ടാകാം.

അനുസിത്താര അവതരിപ്പിച്ച മാലിനിയെന്ന കഥാപാത്രമാണ്‌ നായിക. സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുന്ന സിനിമാ നിർമ്മാതാവായ എൽവിസ്‌ ചുമ്മാറിന്റെ (ജോജോ ജോർജ്ജ്‌) ഭാര്യ. പത്തുവയസ്സുകാരിയായ ഒരു പെൺകുട്ടിയുടെ അമ്മ. അനുസിത്താര വളരെ തന്മയത്വത്തോടെ ഈ കഥാപാത്രത്തെ ഉൾക്കൊണ്ടു എന്നത് സിനിമയിൽ ഉടനീളം പ്രകടമായി കാണാം. മാലിനിയുടെ ജീവിതത്തിലേക്ക്‌ എത്തുന്ന വിഭാര്യനായ രാമൻ (കുഞ്ചാക്കോ ബോബൻ) എന്ന റിസോർട്ട്‌ ഉടമ അവളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം. ഫ്ലാറ്റിന്റെ അടുക്കളയിലും മകളുടെ സ്കൂളിലും കിടപ്പറയിലും മാത്രമായി ഓടിത്തളർന്നുകൊണ്ടിരിക്കുന്ന ജീവിതമാണ്‌ മാലിനിയുടേത്‌. വല്ലപ്പോഴും കിട്ടുന്ന യാത്രകളാണ്‌ അവളുടെ സ്വപ്നങ്ങൾക്ക്‌ ചിറക്‌ വിടർത്തുന്നത്‌… അത്തരത്തിലൊരു വിനോദയാത്രയിലാണ്‌ അവൾ രാമന്റെ ഏദൻതോട്ടം എന്ന റിസോർട്ടിലെത്തിപെടുന്നത്. മദ്യവും ഈഗോയും നിറഞ്ഞ തന്റെ ഭർത്താവിന്റെ ജീവിതത്തിൽ നിന്നും ഒരു രക്ഷപെടലാണ് മാലിനിക്ക് ഏദൻതോട്ടം. രാമനും മാലിനിയുമായുള്ള തുടർന്നുള്ള സ്നേഹബന്ധത്തിലൂടെ സിനിമയുടെ തുടർന്നുള്ള കഥ പുരോഗമിക്കുന്നു.

മാലിനിയും രാമനും തമ്മിലുള്ള സൗഹൃദത്തിന്‌ മലയാള സിനിമയിൽ പൂർവ്വസാമ്യതകളില്ല. ഒരു ആണിനും പെണ്ണിനും (നായകനും നായികയ്ക്കും) മാംസനിബന്ധമല്ലാത്ത ഒരു ജീവിതം സാധ്യമാണോയെന്ന മലയാള സിനിമാ ചരിത്രത്തിന്റെ ചോദ്യത്തിന്‌ ‘അതേ’യെന്ന ഉത്തരം നൽകുന്നുണ്ട്‌ തിരക്കഥാകൃത്ത്

ഒരു സ്ത്രീകേന്ദ്രീകൃത സിനിമ മലയാള സിനിമയിലെ ബോക്സോഫീസിൽ അത്ര വലിയ ചലനം ഉണ്ടാക്കുവാൻ കഴിഞ്ഞില്ല എന്ന് തന്നെ പറയേണ്ടി വരും. മാലിനിയ്ക്ക്‌ മുമ്പേ ശക്തമായ കഥാപാത്രങ്ങളൊന്നും അനുസിതാര എന്ന നടിയെ തേടിയെത്തിയിട്ടില്ല. തന്റെ കൈയ്യിൽ കിട്ടിയ കഥാപാത്രത്തെ പോരായ്മകളൊന്നുമില്ലാതെ വെള്ളിത്തിരയിലെത്തിക്കാൻ അനുവിന്‌ കഴിഞ്ഞു. രാമന്റെ റോളില്ലെത്തിയ കുഞ്ചാക്കോ ബോബനും വീണ്ടുമൊരു സ്ത്രീപ്രാധാന്യ ചിത്രത്തിന്റെ നായകവേഷമിട്ടതിൽ അഭിമാനിക്കാം. ഫെയ്സ്ബുക്കിന്റെയും വാട്ട്സപ്പിന്റെയും ലോകത്ത്‌ പരസ്പരം കാണാതെ ആൺപെൺ സുഹൃത്തുക്കൾ വിരൽത്തുമ്പിലൂടെ അവരവരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുണ്ട്, തീരുമാനങ്ങളുണ്ട്‌, പ്രതീക്ഷകളുണ്ട് എന്ന് ഒക്കെ പറയാതെ പറയുന്നു ചിത്രത്തിലൂടെ. കാലംമാറുന്നതോടെ വിവാഹിതരുടെ ജീവിതത്തിലും ആൺപെൺ സൗഹൃദങ്ങളുടെ പ്രസക്തി വർദ്ധിക്കുകതന്നെയാണെന്ന്‌ രാമന്റെ ഏദൻതോട്ടം എന്ന കൊച്ചു ചിത്രം അടിവരയിടുന്നു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *