ചരക്കുസേവനനികുതി നിയമം,ഒരു നികുതി, ഒരു കമ്പോളം, ഒരു രാജ്യം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിലേയ്‌ക്കുള്ള കാല്‍വയ്‌പ്

ചരക്കുസേവനനികുതി നിയമം ഏറ്റവും നല്ല നികുതി പരിഷ്‌കാരമാണ്‌. ഒരു നികുതി, ഒരു കമ്പോളം, ഒരു രാജ്യം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിലേയ്‌ക്കുള്ള കാല്‍വയ്‌പ്പാണ്‌ ജി.എസ്‌.ടി. അതു നടപ്പിലാകുന്നതോടെ സമ്പദ്‌വ്യവസ്ഥ ശക്തമാകും. നികുതി വെട്ടിപ്പ്‌ തടയപ്പെടും. എല്ലാ ഇടപാടുകളും ഓണ്‍ലൈന്‍ ആകും. തല്‍ഫലമായി ഗവണ്‍മെന്റിനു കൂടുതല്‍ വരുമാനം ഉറപ്പാക്കാം. കേരളം ഒരു ഉപഭോക്തൃസംസ്ഥാനമായതുകൊണ്ട്‌ വരുമാനവര്‍ദ്ധനവ്‌ സുനിശ്ചിതമാണ്‌.
പ്രസ്‌തുത നികുതി നടപ്പിലാക്കുമ്പോള്‍ സാധനവില ഗണ്യമായി കുറയുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ മിക്ക സാധനങ്ങളുടെയും വില ഇതിനുശേഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ ഒരു വിരോധാഭാസമാണ്‌. ഇതു സംഭവിച്ചതു കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ കെടുകാര്യസ്ഥത കൊണ്ടാണ്‌. ജിഎസ്‌ടി സംബന്ധിച്ച്‌ ആവശ്യമായ ബോധവല്‍ക്കരണം നടത്താന്‍ കഴിഞ്ഞില്ല. നിയമസഭയില്‍ വിശദമായ ചര്‍ച്ചകള്‍ക്ക്‌ അവസരം നല്‍കിയതുമില്ല.
എം.ആര്‍.പിയില്‍ കൂടുതല്‍ വാങ്ങുവാന്‍ പാടില്ല എന്ന്‌ അടുത്ത കാലത്ത്‌ നല്‍കിയ നിര്‍ദ്ദേശം വിവേകപൂര്‍വ്വമായിരുന്നില്ല. നിലവില്‍ പല ഉത്‌പന്നങ്ങളും എം.ആര്‍പിയില്‍ താഴെയാണ്‌ വിറ്റിരുന്നത്‌. അതുകൊണ്ട്‌ പ്രസ്‌തുത പ്രഖ്യാപനം വില കൂടുവാന്‍ മാത്രമാണ്‌ വഴി തെളിച്ചത്‌.
കോഴിയിറച്ചിക്കു ജിഎസ്‌ടിയില്‍ നികുതിയില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെപ്‌കോ പോലും ഇപ്പോള്‍ കോഴിയിറച്ചിയ്‌ക്ക്‌ അധികവില ഈടാക്കുകയാണ്‌. സര്‍ക്കാര്‍ സ്ഥാപനത്തിലെ വിലകയറ്റം പോലും ധനമന്ത്രിക്കു നിയന്ത്രിക്കുവാന്‍ കഴിയുന്നില്ല.
സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്‌ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജിഎസ്‌ടി വരുമ്പോഴുള്ള നികുതി കുറവിന്‌ അനുസരണമായി വിലകുറയ്‌ക്കാതെ സ്വകാര്യവ്യാപാരികളോട്‌ കുറഞ്ഞ വിലയേ ഈടാക്കാനാവൂ എന്ന അനുശാസനം അപഹാസ്യമാണ്‌. ഈ നടപടിമൂലം കുത്തകവ്യാപാരികളെ പരോക്ഷമായി സഹായിക്കുകയാണ്‌ ഗവണ്‍മെന്റ്‌ ചെയ്യുന്നത്‌.
അവശ്യസാധനങ്ങളുടെ വില സര്‍ക്കാര്‍ നിശ്ചയിക്കാത്തതുകൊണ്ടാണ്‌ ജിഎസ്‌ടി വന്നപ്പോള്‍ വില നിയന്ത്രിക്കാന്‍ കഴിയാത്തത്‌.
ഒരു മുറി മാത്രം എസിയുള്ള ഹോട്ടലുകളില്‍പ്പോലും മുഴുവന്‍ എസി മുറികളുള്ള ഹോട്ടലുകളില്‍ ഈടാക്കുന്ന നികുതി വേണമെന്ന്‌ ആവശ്യപ്പെട്ടുന്ന വാണിജ്യനികുതിവകുപ്പിന്റെ നിര്‍ദ്ദേശം ഹോട്ടലുകളിലെ ഭക്ഷണവില കുത്തനെ ഉയര്‍ത്തുവാന്‍ ഇടയാക്കി. വിലക്കയറ്റം നിയന്ത്രിക്കുവാന്‍ കഴിയാത്ത സര്‍ക്കാര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്‌ തങ്ങളുടെ കെടുകാര്യസ്ഥത മറയ്‌ക്കുവാന്‍ വേണ്ടിയാണ്‌.
2011-16 വര്‍ഷത്തെ യുഡിഎഫ്‌ സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റില്‍ ജിഎസ്‌ടി നടപ്പിലാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിയ്‌ക്കുവാന്‍
1. നികുതി മേല്‍നോട്ട സമിതിയേയും
2. വില നിരീക്ഷണസമിതിയേയും
3. Tax Monitoring cell (F.M Chairman)
4. Price Monitoring Beuro യെയും നിയമിച്ചിരുന്നു.
ജിഎസ്‌ടിമൂലം ഒറ്റനികുതി സംജാതമാകുന്നതുകൊണ്ട്‌ വിലക്കുറവുണ്ടാകും.
എന്നാല്‍ അമിതലാഭം എടുക്കുന്നവരുടെ മേല്‍ നടപടി എടുക്കുവാന്‍ ഒരു സമിതി ഉണ്ടാവണം.
ഏറ്റവും കൂടുതല്‍ വില വര്‍ദ്ധനവ്‌ ഉണ്ടായിരിക്കുന്നതു കോഴിയിറച്ചിയ്‌ക്കാണ്‌. കേരളത്തില്‍ ഇറച്ചികോഴിയ്‌ക്ക്‌ 14.5 ശതമാനം വാറ്റ്‌ നികുതിയുണ്ടായിരുന്നു. ജിഎസ്‌ടി വന്നതോടെ പ്രസ്‌തുത നികുതി ഇല്ലെന്നായി.
കേരളഫാമില്‍ കോഴിവില – 95-98 രൂപയാണ്‌. തമിഴ്‌നാട്ടില്‍ 70 രൂപയും. ജിഎസ്‌ടിയില്‍ കോഴിയ്‌ക്കു നികുതിയില്ലാത്ത സാഹചര്യത്തില്‍ കിലോഗ്രാമിന്‌ 15-20 രൂപാ നിരക്കില്‍ വില കുറയ്‌ക്കേണ്ടതാണ്‌. എന്നാല്‍ ജൂണ്‍ 30-ാം തീയ്യതി കോഴിവില – 130 രൂപയായിരുന്നു. അത്‌ ജൂലൈ 5ന്‌ 145 രൂപയായി. അപ്പോള്‍ വ്യാപാരിക്ക്‌ ഒരു കിലോഗ്രാമിന്‌ 30 രൂപാ അമിതലാഭം ലഭ്യമായി. ഈ വിലക്കയറ്റം നിയന്ത്രിക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. വിലക്കയറ്റത്തിന്‌ ആക്കം കൂട്ടിയത്‌ ധനമന്ത്രിയുടെ 28.06.2017ലെ പ്രസ്‌താവനയാണ്‌. “ജിഎസ്‌ടി വന്നാലും വില കുറയുകയില്ല” എന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന.
കേന്ദ്രനികുതി നിയമത്തിലെ അമിതലാഭമെടുക്കല്‍ തടയാന്‍ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കണം.
നികുതി നിരക്കില്‍ ഉണ്ടായിട്ടുള്ള കുറവ്‌ വിലയില്‍ പ്രതിഫലിപ്പിയ്‌ക്കണമെന്ന്‌ കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി കഴിഞ്ഞദിവസം പ്രസ്‌താവിക്കുകയുണ്ടായി. പക്ഷേ വില കുറയുന്നില്ലെന്നു മാത്രമല്ല കൂടിക്കൊണ്ടിരിക്കുന്ന ദുരവസ്ഥയാണ്‌ നിലവിലുള്ളത്‌.
ജിഎസ്‌ടി നടപ്പിലാക്കിയശേഷം വില ഗണ്യമായി കുറയേണ്ട സാധനങ്ങള്‍ക്കും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സംരക്ഷണാര്‍ത്ഥം ജിഎസ്‌ടി നടപ്പിലാക്കിയപ്പോള്‍ മലേഷ്യയില്‍ നടപ്പിലാക്കിയ ആന്റി പ്രോഫിറ്ററിംഗ്‌ ആക്‌ട്‌ ഇന്‍ഡ്യയില്‍ കൊണ്ടുവരണം.
വില വര്‍ദ്ധിക്കുമ്പോള്‍ അതിന്റെ കാരണങ്ങളും കണക്കുകളും പൊതുജനങ്ങള്‍ക്കു മനസ്സിലാക്കത്തക്കവണ്ണം വ്യാപാരികള്‍ പരസ്യപ്പെടുത്തുന്ന നടപടിക്രമങ്ങളുണ്ടാകണം.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *