മൃതസഞ്ജീവനി

മൃതസഞ്ജീവനി അഥവാ ‘സഞ്ജീവനി’ ഒരു ഔഷധസസ്യമാണ്. ‘സഞ്ജീവനി’ എന്നാൽ‍ ‘ജീവൻ നല്‍കുന്നത്’ എന്നാണർത്‍ഥം. ‘സെലാജിനെല്ല ബ്രയോപ്‌ടെറിസ്’ എന്ന സസ്യനാമത്തിലറിയപ്പെടുന്ന ചെടിയാണ് സഞ്ജീവനിയായി കണക്കാക്കിവരുന്നത്. ‘സഞ്ജീവനി’യുടെ സത്തിന് അപൂർവമായ ചില ഔഷധസിദ്ധികളുണ്ട്.

കോശവളർച്ച ത്വരപ്പെടുത്താനുള്ള കഴിവാണ് ഇതിലൊന്ന്. അമിതസമ്മർദത്താൽ നശിച്ചുപോകുന്ന കോശങ്ങളെ അതിൽനിന്ന് പ്രതിരോധിക്കാൻ ഇത് സഹായിക്കും. സസ്തനികളുടെ കോശങ്ങളിലാണിത് കണ്ടെത്തിയത്. കൂടാതെ ഈ സസ്യരസത്തിൽ കോശങ്ങൾ വളർച്ച പ്രാപിക്കുന്നതായും കണ്ടെത്തി. കോശങ്ങളെ നശിപ്പിക്കുന്ന ഓക്‌സീകരണ പ്രക്രിയയെയും ഇത് വലിയൊരു പരിധിവരെ തടയുന്നു.
അൾട്രാവയലറ്റ് രശ്മികളും താപവികിരണവുമൊക്കെ കോശങ്ങളെ നശിപ്പിക്കുന്നത് തടയാനും ഇതിന് കഴിവുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മലനിരകളിലാണ് മൃതസഞ്ജീവനി വളരുന്നത്. പ്രത്യേകിച്ച് ഇന്ത്യയുടെ കിഴക്കുപടിഞ്ഞാറന്‍ ഭാഗത്തെ ആരവല്ലി മലനിരകളിൽ.
കടുത്ത വേനല്‍ക്കാലത്ത് ഈ ചെടി ഉണങ്ങിവരണ്ട് കരിഞ്ഞ് പൂർണമായും നശിക്കും. എന്നാൽ അല്പം വെള്ളം കിട്ടിയാൽ ‘മരിച്ചുകഴിഞ്ഞ’ ചെടി വീണ്ടും ഇലകൾ വിടർത്തി, പച്ചനിറമായി പഴയപടി വളരുന്നതുകാണാം. ഇത് ഒരു ‘ഉയിർത്തെഴുന്നേല്പിന്റെ’ സൂചകമായും കരുതുന്നു.
‘ബയോഫ്‌ ലേവനോയിഡ്’ എന്നുപേരായ ജൈവ സംയുക്തങ്ങളാണ് ചെടിയുടെ കാതൽ. പരമ്പരാഗതമായി ഇത് മുറിവുണക്കാനും ആർത്തവ ക്രമക്കേടുകൾ പരിഹരിക്കാനും മൂത്രതടസ്സം ക്രമീകരിക്കാനും ആന്തരികക്ഷതങ്ങൾ‍ക്കുമെല്ലാം ഉപയോഗിച്ചിരുന്നു. ഇത് ഒരേസമയം അണുനാശകവും നിരോക്‌സീകാരകവും അർബുദ പ്രതിരോധകവുമൊക്കെയാണ്.
അപൂർവ്വ ഔഷധ സിദ്ധികളുള്ളതു കൊണ്ടുതന്നെ വളരെയധികം ചൂഷണംചെയ്ത് നശിപ്പിക്കപ്പെടുന്ന ഒരു ചെടികൂടിയാണ് മൃതസഞ്ജീവനി.
കൂർഗ്,ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബിഹാർ, ഒഡിഷ, മഹാരാഷ്ട്ര, തമിഴ്‌നാട്, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇത് കൂടുതൽ വളരുന്നു. ഹിന്ദുപുരാണമനുസരിച്ച് ‘മൃതസഞ്ജീവനി’ എന്നത് മരിച്ച ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും അല്ലെങ്കിൽ അമരത്വം പ്രദാനംചെയ്യാനും കഴിവുള്ള അദ്ഭുതച്ചെടിയായാണ് കണക്കാക്കുന്നത്. ഇതേക്കുറിച്ചുള്ള പഠനവും ഗവേഷണങ്ങളും തുടർന്നു വരുന്നു.

കടപ്പാട്:സുരേഷ് മുതുകുളം

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *