നമുക്കു തന്നെ വീട്ടിൽ തയ്യാറാക്കാൻ പറ്റിയ 5 ജൈവ കീടനാശിനികൾ

നമ്മുടെ തോട്ടത്തിലെ ചെടികളെ കീടങ്ങളിൽ നിന്നും രക്ഷിക്കാനായി ആവശ്യമാIയ കീടനാശിനികൾ നമുക്ക് തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ . നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ തന്നെ മതിയാവും അതിന് .

നാം ചെടി നട്ടു വളർത്തി വരുമ്പോൾ ഏറ്റവും തലവേദനയുണ്ടാക്കുന്ന സാധനങ്ങളാണ് കീടങ്ങൾ . ഒന്ന് മുള പൊട്ടി വളർന്നു വരുമ്പോഴേക്കും ഒന്നുകിൽ ഇല ചുരുളും , അല്ലെങ്കിൽ മഞ്ഞളിപ്പ് , പുഴുക്കളുടെ ആക്രമണം … അങ്ങനെ .. അങ്ങനെ … അതോടു കൂടി എന്തെങ്കിലും നട്ടു വളർത്താനുള്ള ആഗ്രഹവും നശിക്കും . അപ്പോൾ നാം പറയും ഇവിടെ എന്തു കുഴിച്ചിട്ടാലും ഒന്നും ഉണ്ടാവില്ല എന്ന് .. അങ്ങനെയല്ല…. …എന്തിനെയായാലും നാം തുടക്കത്തിലേ ഒന്നു ശ്രദ്ധിച്ചാൽ നമുക്കതിനെ പ്രതിരോധിക്കാൻ പറ്റും (കുട്ടികൾക്ക് ഒരു ജലദോഷം വരുമ്പോഴേക്ക് നമ്മൾ വീട്ടിലുള്ള ചെറിയ പ്രയോഗങ്ങളൊക്കെ നടത്താറില്ലേ .. അതുപോലെ )

1′ വേപ്പെണ്ണ എമൽഷൻ.:-

ഇലതീനി പുഴുക്കൾ ,ചിത്രകൂടം,വെള്ളീച്ച,പയർ പേൻ തുടങ്ങിയ കീടങ്ങൾക്കെതിരെ ഉപയോഗിക്കാം .

ഉണ്ടാക്കുന്ന വിധം:- വേപ്പെണ്ണ
ബാർ സോപ്പ് എന്നിവയാണ് ഇതിലെ ചേരുവകൾ .

ബാർ സോപ്പ് ഒരു ചെറിയ കഷ്ണം ചൂടുവെള്ളത്തിൽ അലിയിച്ച ശേഷം ഇതിലേക്ക് കുറച്ച് വേപ്പെണ്ണ ചേർത്ത് നല്ലപോലെ ഇളക്കുക.

ഈ ലായനി വെള്ളം ചേർത്ത് നേർപ്പിച്ചു വേണം ചെടികളുടെ ഇലകളിൽ തളിക്കാൻ.നല്ല വെയില് ഉള്ളപ്പോൾ തളിക്കുന്നതാണ് ഫലപ്രദം.

വേപ്പെണ്ണ എമൽഷൻ അധിക നാൾ ഇരിക്കില്ല.ആയതിനാൽ ആവശ്യത്തിന് അനുസരിച്ച് കുറച്ച് ഉണ്ടാക്കുന്നതാണ് നല്ലത്

2. തുളസിയിലമിശ്രിതം

ഉണ്ടാക്കുന്ന വിധം:-
തുളസിയില – 100 ഗ്രാം
ബാർ സോപ്പ് – 25 ഗ്രാം

100 ഗ്രാം തുളസിയില 1 ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ ഇട്ടുവച്ചതിനുശേഷം അതേവെള്ളത്തിൽ കലക്കുക. ഈ ലായനി അരിച്ചെടുത്ത് അതിലേക്ക് അലിയിച്ചു വച്ചിരിക്കുന്ന അലക്കുസോപ്പ് ലായനി ചേർത്ത് ഇളക്കുക . ഈ ലായനി വെള്ളം ചേർത്ത് ചെടികളിൽ തളിക്കാം .

ഈ കീടനാശിനി സസ്യങ്ങളിലെ നീര്‌ ഊറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിന്‌ ഉപയോഗിക്കാം.

3. കാന്താരിമുളക് ലായനി

ചെടികളുടെ ഇലകൾ, കായ്കൾ എന്നിവ നശിപ്പിക്കുന്ന തണ്ടു തുരപ്പൻ പുഴുക്കളെ നശിപ്പിക്കതിനായാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്. പടവലപുഴു , വരയൻ പുഴു , ചാഴി , ഇലതീനി പുഴുക്കൾ , കായ് തുരപ്പൻ എന്നിവയെ നശിപ്പിക്കാം.

ഉണ്ടാക്കുന്ന വിധം :-
25 ഗ്രാം കാന്താരിമുളക് 1 ലിറ്റർ ഗോമൂത്രത്തിൽ അരച്ച് ചേർക്കുക .
ഈ മിശ്രിതത്തിലേക്ക് 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് പുഴുക്കളുടെ മേൽ തളിക്കാം .

4 . വെളുത്തുള്ളി, വേപ്പെണ്ണ മിശ്രിതം

പച്ചത്തുള്ളൻ, മുഞ്ഞ, മീലിമൂട്ടകള്‍, ഇലപ്പേനുകൾ, കുരുമുളക് ചെടിയ ബാധിക്കുന്ന പ്രധാന കീടമായ പൊള്ളുവണ്ട്, കായ്‌തുരപ്പൻ, തണ്ടുതുരപ്പൻ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ജൈവകീടനാശിനിയാണ്‌ ഇത്.

ഉണ്ടാക്കുന്ന വിധം:-
വേപ്പെണ്ണ – 10മി . ലി
അലക്ക് സോപ്പ് – 25 ഗ്രാം വെളുത്തുള്ളി – 100 ഗ്രാം
അലക്കു സോപ്പ് ചൂടുവെള്ളത്തിൽ അലിയിച്ചതിലേക്ക് , വെളുത്തുള്ളി അരച്ച് അരിച്ചെടുത്ത സത്തും, വേപ്പണ്ണയും കൂടി ചേർത്ത് നല്ലതുപോലെ സാവധാനത്തിൽ യോജിപ്പിച്ച് എടുക്കുക .

ഇത് ആവശ്യത്തിനെടുത്ത് വെള്ളം ചേർത്ത് നേർപ്പിച്ച് ‘ ചെടികളിൽ തളിക്കാം .

5 . പുകയില കഷായം

ഉണ്ടാക്കുന്ന വിധം :-
പുകയില (ഞെട്ടോടെ) – 250 ഗ്രാം
ബാർ സോപ്പ് – 60 ഗ്രാം

പുകയില ചെറുതായി അരിഞ്ഞ്‌ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വെയ്ക്കുക . അതിനുശേഷം പുകയിലക്കഷ്ണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക. ബാര്‍ സോപ്പ് ചെറിയ കഷ്ണങ്ങളാക്കി കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പ് ലായനി പുകയിലക്കഷായവുമായി നന്നായി യോജിപ്പിക്കുക. ഈ ലായനി അരിച്ചെടുക്കുക .

ഇത് ആവശ്യത്തിനെടുത്ത് 7 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം.

മുഞ്ഞ, മിലീമുട്ട , ശല്‍ക്കീടം, തുടങ്ങിയ ഒട്ടേറെ മൃദുല/ ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്.

നല്ല വെയിലുള്ളപ്പോഴാണ് പുകയില കഷായം ചെടികളിൽ തളിയ്ക്കേണ്ടത്. നിക്കോട്ടിന്റെ വിഷവീര്യം നന്നായി പ്രകടമാവാൻ വെയിൽ ആവശ്യമാണ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *